Friday, 8 August 2014

നീ മറന്നിട്ടു പോയ
മൗനത്തിന്
നീ വരുവോളം
കാവൽ ഞാൻ...
ഞാനെന്റെ വരപ്പെൻസിലുമായ് വരും
തെരുവുകളിൽ
ചുമരുകളിൽ
നിലവിളികൾ കോറിയിടും..
ഞാനെന്റെ പടപ്പാട്ടുകളുമായ് വരും
കണ്ണുകളിൽ
ഹൃദയങ്ങളിൽ
കനലുകൾ കോരിയിടും..
ഞാനൊരു പിടി പൂക്കളുമായ്‌ വരും
മരിച്ചവരുടെ
കുഴിമാടങ്ങളിൽ
രക്തത്താൽ ചുവന്ന പൂക്കൾ വിതറും..
ഞാനെന്റെ ചോരയൊലിക്കുന്ന മുഖവുമായ് വരും
ശത്രുവിന്റെ
സ്വപ്നത്തിൽ
ഭയത്തിന്റെ വിത്തുകൾ ചിതറും..

ഞാനെന്റെ വരപ്പെൻസിലുമായ് വരും
എന്റെ നഗരത്തിൽ
എല്ലാവരും
മരിച്ചവരാകയാൽ
മരിച്ചവരുടെ പട്ടികയിൽ എന്റെ പേരെഴുതും...
എന്റെ പ്രണയം, നിന്റെ
അവകാശമാണെങ്കിൽ
വന്നെടുത്തു കൊള്ളൂ...

ഒരു പകുതി ചന്ദ്രനും
ഒരു മുഴുവൻ രാത്രിയും
നിന്റെ മിഴികളിൽ,
ഇനിയും മുഴുവനാകാത്ത
ഒരു കവിതയും...

Friday, 1 August 2014

പത്തൊമ്പതു ശവങ്ങളായി
ഒരു കുടുംബം
ഭൂമിക്കടിയിലേക്ക്
ഉറങ്ങാൻ പോയി...
മഴയമ്പുകളെയ്യാൻ
മഞ്ഞിൻ കണങ്ങളുടെ ദൈവം
മാനത്ത് മനോഹരമായൊരു
വില്ലു കുലച്ചു...
മലരമ്പുകളുടെ ദൈവം
നിന്റെ പുരികത്തിലും....
എന്റെ നക്ഷത്രങ്ങളെ
ഇരുളിൽ തനിച്ചു വിടാൻ
കഴിയാത്തതിനാൽ
ഈ രാത്രി ഞാൻ
ആകാശത്തിന്റെ
കീഴിലുറങ്ങും....