Thursday, 30 November 2017

മഞ്ഞിന്റെ നിശബ്ദത..

ജനാല ചില്ലുകളിൽ നിശബ്ദമായി തുള്ളികൾ
ചേർത്തു വെച്ചു കൊണ്ട്‌ മഞ്ഞ്‌
നിശബ്ദമായി അതിന്റെ സാന്നിധ്യം അറിയിച്ചു
വിളക്കുകൾ അണഞ്ഞും തെളിഞ്ഞും കൊണ്ടേ
ഇരുന്ന വഴികളിൽ നിന്നാർക്കോ
കാതോർക്കുന്ന മട്ടിൽ
ഇരുളും വിറങ്ങലിച്ചിരുന്നു
ചക്രങ്ങൾ ഉരുളുന്ന ശബ്ദം വേറെ ലോകത്തിൽ നിന്നു വന്നതെന്ന്
തോന്നിച്ചു..

നീണ്ട യാത്രകൾ, നീണ്ട രാത്രികൾ
നീണ്ടു പോകുന്ന നിശബ്ദത
പണ്ട്‌ തോർന്നു പോയ മഴയുടെ ഓർമ്മയിൽ
വേനൽക്കാല രാവ്‌ പിടഞ്ഞു,
എങ്കിലും നിദ്രയേക്കാൾ വേഗത്തിൽ ഒരു സ്വപ്നം
തോരാത്ത മഴയായി പെയ്ത്‌ കൊണ്ടേയിരുന്നു..
സ്വപ്നത്തിനൊപ്പമെത്താൻ നിദ്ര നിരങ്ങി, അതിനും പുറകേ മുടന്തിയോടിക്കൊണ്ടിരുന്നു ആഗ്രഹങ്ങൾ..
സ്വപ്നം കണ്ണു തുറക്കാതെ കണ്ടു, ശബ്ദമില്ലാതെ കേട്ടു, മഴയില്ലാതെ നനഞ്ഞു..
മഞ്ഞിന്റെ നിശബ്ദത ഏതോ പുസ്തകത്തിന്റെ താളിൽ നിന്ന്
ഇറങ്ങി വന്ന വാക്കായി ചുറ്റിലും തളം കെട്ടി നിന്നു..
മഞ്ഞിന്റെ നിശബ്ദത എന്റെയും നിന്റെയും സ്വരങ്ങൾ
ഉള്ളിലേന്തി
മഞ്ഞിന്റെ നിശബ്ദത എന്റെയും, നിന്റെയും രാത്രികളും, യാത്രകളും
നെഞ്ചിൽ പേറി..
മഞ്ഞിനു ശബ്ദമുണ്ടായിരുന്നില്ല, ശബ്ദമില്ലാത്തവനു നിശബ്ദതയേക്കാൾ വലുതായി ആയുധമെന്ത്‌..?

മഞ്ഞിന്റെ നിശബ്ദത മഞ്ഞിനോളം മൂർച്ചയുള്ളതാറ്റിരുന്നു,
മഞ്ഞിന്റെ നിശബ്ദത മഞ്ഞിനേക്കാൾ തണുത്തതായിരുന്നു..
മഞ്ഞിന്റെ നിശബ്ദത കവിത പോലെ അവസാനിക്കാത്തതായിരുന്നു..

മഞ്ഞിന്റെ നിശബ്ദത..........