എത്ര നിവർത്തിയിട്ടും അവസാനിക്കുന്നില്ലല്ലോ
നിനക്കായ് ഞാൻ കവിത
തുന്നി വെച്ച പരവതാനി..
ചെമ്പകത്തിന്റെ മണവും,
നിലാവിന്റെ നിറവും
സന്ധ്യയുടെ ചുകന്ന നൂലുകളും, ആകാശത്ത് നിന്നാരോ
വിരിച്ച തൂവാലയിൽ
ഞാൻ കണ്ട മഴവില്ലും,
നിന്റെ മിഴിയിരുളിൽ
തിളങ്ങുന്ന തീയും
നാം നമ്മുടേതെന്നു കരുതിയ നീലക്കോളാമ്പികളും, കരിയില- കുരുവികളും, കായാമ്പൂവിൽ നിന്നാകാശം കവർന്നെടുത്ത
കരൾ നീല ചുവപ്പും..
എത്ര വരച്ചിട്ടും തീരാത്ത
ചിത്രങ്ങളും, ഞാനീ പരവതാനി നിനക്ക് സമ്മാനിക്കുന്ന നാളിൽ............
നീയുണ്ടാകുമെങ്കിൽ ഞാൻ
നിനക്ക് പാടിത്തരാൻ പോകുന്ന പാട്ടിന്റെ വരികളും..
എത്ര എഴുതിയിട്ടും തീരുന്നില്ല
ഞാൻ നിനക്കായ് സമ്മാനിക്കുവാൻ പോകുന്ന പരവതാനിയിലെ
പാട്ടിന്റെ വരികൾ..