അങ്ങനെയിരിക്കെ ഞാനും മരിച്ച് പോകും..
കൈ പേഴ്സിനുള്ളിൽ സുഗന്ധത്തിന്റെ
ഓർമ്മയ്ക്കായ് നീ സൂക്ഷിച്ചു വെച്ച
ഉണങ്ങിയ ചെമ്പക പൂക്കളുടെ ഇതളുകൾ പോലെ
എന്റെ നരച്ച ഓർമ്മകൾ മാത്രം നിന്റെ ഹൃദയത്തിൽ അവശേഷിക്കും..
കൈ കോർത്ത് നടന്ന നാളിലെ വിരലുകളുടെ ഓർമ്മകൾ
മകരത്തിന്റെ കുളിരിൽ മരവിച്ചു നിൽക്കും..
നീയെന്നും,ഞാനെന്നും നമ്മൾ പേര് കോറി വരച്ച
മരത്തിന്റെ പുറത്ത് നമ്മുടെ പേരുകൾ
വികസിച്ചകന്ന വികൃത ഭൂഖണ്ഡങ്ങളാകും..
അങ്ങനെയിരിക്കെ നീയും മരിച്ച് പോകും,
എന്നും നമ്മൾ സന്ധ്യ നോക്കിയിരുന്ന നീലപൂക്കൾ കുട വിരിച്ച
സിമന്റ് ബെഞ്ചിനു ചുറ്റുമുള്ള കരിയില
കുരുവികൾ മാത്രം ഏതോ പുനർജന്മങ്ങളിലൂടെ
അവിടെ എന്നേക്കും ചാടി നടക്കും..