കുട കാത്തിരിക്കുന്നു ഒരു മഴക്കാലത്തെ...
Tuesday, 8 December 2015
Monday, 7 December 2015
മന്ത്രവാദിനി
നീ മഴവില്ലെന്ന് പറഞ്ഞു...
മഴയിൽ തന്നെ ഞാൻ അലിഞ്ഞു പോയി
വസന്തം, നീ പറഞ്ഞു
ഞാൻ പൂമൊട്ടിൽ മുഴുകിപ്പോയി..
ചന്ദ്രൻ, നക്ഷത്രങ്ങൾ..
ഞാൻ ആകാശം വരെ എത്തി നിന്നു..
മഴ, പ്രണയം, വിരഹം, നിലാവ്
സുഗന്ധം, കവിത, ചുംബനം,
ചിറകുകൾ, നരകം, തണുപ്പ്
കാറ്റ്, കടൽ, കാത്തിരിപ്പ്
മൗനം, നിഴൽ, സമയം
ആകാശത്ത് നിന്നു വന്ന കണ്ണുകൾ
എണ്ണമില്ലാത്ത മായാ വസ്തുക്കൾ..
ഞാൻ നിന്നിലെത്തി...
Saturday, 5 December 2015
വിട
വിട എന്നത് നമുക്കിടയിൽ ഒരു വാക്കായിരുന്നില്ല
റെയിൽവെ സ്റ്റേഷനിൽ വീണ രണ്ട് തുള്ളി കണ്ണീരായിരുന്നു..
മഴ നമുക്ക് ഒരു കുടയ്ക്കുള്ളിലെ സ്ഥലമായിരുന്നു
പ്രണയം എന്നത് നമുക്ക് ഉച്ചരിക്കപ്പെടാത്ത വാക്കായിരുന്നു,
പനിനീർപ്പൂവിന്റെ ഇതളുകൾ, കോർത്ത വിരലുകൾ, ചുംബനം നനച്ച ചുണ്ടുകൾ..
ഉറക്കം ഒരു താഴ്‌വരയും, സ്വപ്നം അവിടത്തെ കായാംപൂവുകളുമായിരുന്നു..
വിട വീണ്ടും ഓർമ്മകളുടെ ചില്ലുകൾ കൊണ്ട് കീറിയ മുറിവിൽ നിന്നൊഴുകിയ
രണ്ട് തുള്ളി രക്തവും..
Thursday, 3 December 2015
രാത്രിയിൽ എന്നും ഞാനീ വഴി
നടക്കുമായിരുന്നു,
നാളെ.നിന്നെ കാണിക്കുവാൻ മരച്ചില്ലകൾ
മഞ്ഞു തൂക്കിയിട്ടിരിക്കുന്നുവോ
എന്ന് നോക്കുവാൻ..
കുന്നിറങ്ങി താഴ്‌വരയിലെത്തുമ്പോൾ
ഇന്നലത്തെ നിമിഷങ്ങൾ ( നിന്നോടൊപ്പമുള്ളവ) അവിടെ ചിതറി
കിടക്കുന്നുവോ എന്ന് നോക്കുമായിരുന്നു..
സൂര്യനില്ലാത്ത ആകാശത്തോട് താദാത്മ്യം
പ്രഖ്യാപിച്ച് സ്വയം തണുത്ത് നിൽക്കുമായിരുന്നു..
ഇരവിലില്ലാതെ നീ വരുമ്പോൾ മാത്രം
എങ്ങ് നിന്നോ പറന്നെത്തുന്ന
ശലഭങ്ങളെ ഓർത്ത് അത്ഭുതം കൂറുമായിരുന്നു..
മഴയില്ലാതെയും മഴയിലും താഴ്‌വര എത്ര വ്യത്യസ്തമാകുന്നുവെന്നോർത്ത് നിന്റെ മഴ, വെയിൽ ഭാവങ്ങളെ മനസ്സിൽ കാണുമായിരുന്നു..
ഇന്നത്തെ രാത്രി ഇന്നലത്തേതിന്റെ നിഴലാണ്
നാളത്തേത് ഇന്നത്തേതിന്റെ രൂപവും...