Tuesday, 19 March 2019

പലവഴികളിലൂടെ പിരിഞ്ഞ്‌, ഇടവഴികളായൊളിച്ച്‌,
അകന്നൊഴുകുന്നു നാം ഒരാൾ മരുഭൂമിയിലേക്കും
ഒരാൾ കടലിലേക്കും..

ഒരു കോമയിലൂടെ പിരിഞ്ഞ വാക്കുകളെ പോലെ നാം,
അടുത്ത്‌ എങ്കിലും അകന്ന്..

ഏഴാമത്തെയോ, ഒമ്പതാമത്തെയോ ദിവസം ദൈവം മനുഷ്യനോട്‌ പറഞ്ഞു
"ഞാൻ നിനക്ക്‌ പ്രണയവും, ഏകാന്തതയും തരാം, നീ പകരം കവിത നൽകണം.."

ഞാനെഴുതിയ കവിതയിലെ മനോഹരമായൊരു വരിയല്ലേ നീ..??

നിറഞ്ഞ്‌ നിറഞ്ഞൊഴുകുന്നുണ്ട്‌ പലവഴികളിൽ നിന്ന് ഹൃദയത്തിലേക്ക്‌ നിന്നോടുള്ള സ്നേഹം

നനഞ്ഞ്‌ നനഞ്ഞ്‌ മനസൊരു കടലാസ്‌ വഞ്ചി പോലെ നിലച്ച്‌ പോകുന്നു..

പന്നൽച്ചെടികൾ കൈത്തണ്ടയിൽ പതിച്ച പരാഗ ധൂളികളാൽ എഴുതുന്നു നാം, സ്വപ്നം പോലെ മനോഹരവും, മാഞ്ഞ്‌ പോകുന്നതുമായ വരുംകാലത്തിന്റെ വെയിൽ ചിത്രങ്ങൾ..

കാലം തന്നെ കാറ്റിനോട്‌ പറയട്ടെ "വറ്റിച്ച്‌ കളയരുതേ മഞ്ഞു തുള്ളിയിലടച്ച ഈ ഓർമ്മമഴവില്ലുകൾ"..

Saturday, 1 December 2018

അങ്ങനെയിരിക്കെ

അങ്ങനെയിരിക്കെ ഞാനും മരിച്ച്‌ പോകും..
കൈ പേഴ്സിനുള്ളിൽ സുഗന്ധത്തിന്റെ
ഓർമ്മയ്ക്കായ്‌ നീ സൂക്ഷിച്ചു വെച്ച
ഉണങ്ങിയ ചെമ്പക പൂക്കളുടെ ഇതളുകൾ പോലെ
എന്റെ നരച്ച ഓർമ്മകൾ മാത്രം നിന്റെ ഹൃദയത്തിൽ അവശേഷിക്കും..

കൈ കോർത്ത്‌ നടന്ന നാളിലെ വിരലുകളുടെ ഓർമ്മകൾ
മകരത്തിന്റെ കുളിരിൽ മരവിച്ചു നിൽക്കും..

നീയെന്നും,ഞാനെന്നും നമ്മൾ പേര്‌ കോറി വരച്ച
മരത്തിന്റെ പുറത്ത്‌ നമ്മുടെ പേരുകൾ
വികസിച്ചകന്ന വികൃത ഭൂഖണ്ഡങ്ങളാകും..

അങ്ങനെയിരിക്കെ നീയും മരിച്ച്‌ പോകും,
എന്നും നമ്മൾ സന്ധ്യ നോക്കിയിരുന്ന നീലപൂക്കൾ കുട വിരിച്ച
സിമന്റ്‌ ബെഞ്ചിനു ചുറ്റുമുള്ള കരിയില
കുരുവികൾ മാത്രം ഏതോ പുനർജന്മങ്ങളിലൂടെ
അവിടെ എന്നേക്കും ചാടി നടക്കും..

Saturday, 27 October 2018

എന്ത്‌ കൊണ്ടാണ്‌ ഈ നീലക്കോളാമ്പി പൂക്കളെല്ലാം
നിന്റെ നുണക്കുഴിയെ ഓർമ്മിപ്പിക്കുന്നത്‌..?

ആകാശ നീലിമയെ  വലിച്ചെടുക്കുന്ന ഇരുൾ ചുഴികൾ
നിഗൂഡമായ്‌ കവിളിൽ ചൂടുന്നത്‌ കൊണ്ടോ..

നിഴൽത്തണലിൽ തണുത്ത സ്പർശമായ്‌
ശിരസിലൂടെ വിരലുതിർത്ത്‌ പൊഴിയുന്നതിനാലോ..

മൗനം കൊണ്ട്‌ ഏറെ കഥകൾ പറയുന്നതിനാലോ, മനസിൽ മഴയെ ഓർമ്മിപ്പിക്കുന്ന നേർത്ത കാറ്റിൻ മർമ്മരമാകുന്നതിനാലോ..

കാലമില്ലാതെ നിറഞ്ഞ്‌ പൂക്കുന്നതിനാലോ,
കാണാൻ കൊതിക്കുമ്പോൾ
പൊഴിഞ്ഞ്‌ വീഴുന്നതിനാലോ..
കരളിൽ ഏറെ കടൽ കാത്തു വെച്ചതിനാലോ,
അലയടിച്ചെന്റെ കരൾ പിളർന്നതിനാലോ..

എന്റെ മറന്ന് പോയ വരികളും കൊണ്ട്‌, വഴി തെറ്റി വന്ന മഴയിൽ
ഒഴുകിപോയതിനാലോ..

Sunday, 2 September 2018

പൂക്കാലത്തിനു ഭ്രാന്തു പിടിച്ച ഒരു കാലത്ത്‌
ഗുൽമോഹറുകൾ പകലിനെ സന്ധ്യയാക്കിയ
വഴിയിലൂടെ മറന്നു പോകാത്തൊരു പാട്ടിന്റെ വരി മൂളി നാം നടക്കവേ..
വിരിഞ്ഞ പൂവുകൾ ആകാശത്തിന്‌
പൊഴിഞ്ഞ പൂവുകൾ ഭൂമിക്കെന്ന്
മൂളിയൊരു കുയിൽ ചിറകടിച്ചകലവേ..

എന്റെ സ്വപ്നത്തിന്റെ ആകാശം നിന്നെ പിരിയാതിരിക്കാൻ മഴനൂലുകൾ
നെയ്തു കൊണ്ടിരുന്നു..