Wednesday, 11 December 2013

ഈ പുഞ്ചിരിക്കു പകരം തരട്ടെ
ഇത്തിരി സ്വപ്നവും
ഒത്തിരി സ്വപ്നഭംഗങ്ങളും
മിടിക്കുന്ന മാന്ത്രികച്ചെപ്പ്...
ഇന്നലെക്കണ്ട കിനാവിൽ
നീ സുന്ദരിയായിരുന്നു....
പക്ഷെ നാളെ  വരുമ്പോൾ 
ആ മാലാഖച്ചിറക്  വേണ്ട..
അതുള്ളതു കൊണ്ടല്ലേ നീ
പറന്നു പോയത്...
നിൻ മിഴിമുന തറച്ചു കയറിയപ്പോൾ
എന്റെ ഹൃദയത്തിൽ ഉറഞ്ഞു കൂടിയ
മൗനം കവിതയായി ചിതറിത്തെറിച്ചു...
പുഴകളില്ലാത്ത, കിളികൾ പാടാത്ത
പ്രണയമില്ലാത്ത, വിരഹമില്ലാത്ത
ഒന്നാണ് സ്വർഗ്ഗമെങ്കിൽ ഞാൻ
മരണത്തെക്കാൾ, ഈ നശിച്ച
ജീവിതത്തെ സ്നേഹിക്കും..
ഞാനില്ലെങ്കിലും നീ ജീവിക്കും
നീ സന്തോഷത്തോടെ ജീവിക്കും..
എങ്കിലും ഞാനില്ലെങ്കിൽ
കാറ്റു കൊണ്ടു പോകും
നിൻ കവിളിലെ കണ്ണീർ-
ക്കണങ്ങളത്രയും...
ആവിയായി ഉരുകുന്ന എനിക്ക്
മഴനീരായി മോക്ഷം പ്രാപിക്കാൻ
നിൻ ഹൃദയാകാശം
കടം തരുമോ ??

പൂക്കൾ..

അന്നു ഞാൻ പാടിയ കവിതകൾ
പ്രണയിനിയുടെ മാറിൽ പൂമാല ചാർത്തി ..
ഇന്നു ഞാൻ പാടുന്നവ എന്റെ മാറിൽ
പുഷ്പചക്രത്തിനു പൂക്കൾ കോർക്കും ..

വേട്ട..

മൂർച്ചയുള്ള അനുഭവ ശരങ്ങൾ
തലച്ചോറിൽ വാക്കുകൾ
കോറിയിടുകയാണ് ....
വേട്ടയാടുന്നത് നീയാകുമ്പോൾ
മുറിവുകൾ ആഴത്തിലുള്ളതാകും..

കുടയില്ലാത്തൊരു മഴക്കാലം ...

ഒരു ദുസ്വപ്നത്തോളം ദൈർഘ്യമേറിയ
സ്നേഹരാഹിത്യത്തിന്റെ ഊഷര -
ഭൂമി താണ്ടി നീ  വരുമ്പോൾ നിനക്കായ്‌
കാത്തു വെക്കാം ഞാൻ കുടയില്ലാത്തൊരു മഴക്കാലം ...

Saturday, 7 December 2013

ദയാവധം

കോമാ സ്റ്റേജിൽ കിടന്നിരുന്ന
എന്റെ പ്രണയം എണീറ്റ്‌ വന്ന്
എന്റെ ഹൃദയത്തിൽ ചുരണ്ടുന്നു...

അതിനെ ഞാൻ മറവി
ത്താഴിട്ടു പൂട്ടി...

സാരമില്ല നിനക്ക്‌ ഞനൊരു
ദയാ വധം ശരിപ്പെടുത്താം..

Tuesday, 3 December 2013

ഇളം വെയിലൊരു തുള്ളി
മഴവില്ലായി നിൻ കൺപീലിയിൽ
പുഞ്ചിരി തൂകുമ്പോൾ
ഉറഞ്ഞു കൂടിയൊരു
നക്ഷത്രത്തുള്ളിയായി
നിന്റെ കണ്ണിലെ തമോ
ഗർത്തത്തിനഗാധതയിൽ
വീണു മരിക്കാൻ മോഹം...