Sunday, 23 February 2014

എന്നെ ഞാൻ നിന്നിൽ നഷ്ടപ്പെടുത്തി...
ഇനി തിരിച്ചു വരവ് അസാധ്യമാണ്,
വീണ്ടെടുപ്പും....
ലൈബ്രറിക്ക് പുറത്ത് മഴയാണ്
ഒരു കവിതാ പുസ്തകം നിവർത്താം..
നമുക്ക് ചുറ്റുമുള്ള മഴ തോരുമെന്നു
തോന്നുന്നില്ല... നിന്റെ കണ്ണിലാണെങ്കിൽ
കവിതയുടെ കാട്ടുതീ തന്നെയുണ്ട്‌...

Tuesday, 18 February 2014

ഈ വലിച്ചു വിടുന്ന പുകച്ചുരുളുകൾക്ക്
എന്റെ രക്തത്തിന്റെ ഗന്ധമുണ്ട്
എന്റെ ചങ്കിൽ നിന്ന് ഹൃദയത്തിലൂടെ
ധമനികളിലേക്ക് പ്രവഹിക്കുന്ന
രക്തത്തിന് ചാമ്പലായ സ്വപ്നങ്ങളുടെ
പുകമണം ഉണ്ട്......

അസൂയ

നിന്റെ കണ്ണിലെ മഴവില്ല് മാനത്ത്
പ്രതിബിംബിക്കുമ്പോൾ
നിന്നെ ചുംബിക്കുവാൻ മഴത്തുള്ളികൾ
മൽസരിച്ചെത്തുമ്പോൾ
എന്റെ അസൂയയോളം വലിയ ഒരു കുട
കിട്ടിയിരുന്നെങ്കിൽ...
ഈ ഭൂമിയെത്തന്നെ മൂടിയേനെ ഞാൻ....
ഒരു കുഞ്ഞു പൂവ് വിരിയിച്ച്
വരുമെന്നു കൊതിപ്പിച്ചൂ വസന്തം..
ഒരു കാർമേഘത്തിന്റെ നിഴലു കാട്ടി
ദാഹമുണർത്തീ ആകാശം...
മടുത്തു ഞാനിനി കൊടും
വെയിലിനെയും, നശിച്ച
കാറ്റിനെയും സ്നേഹിക്കും..
മരുഭൂമി സ്വപ്നം കാണാൻ
ആരുടെയും അനുവാദം വേണ്ടല്ലോ??

Friday, 7 February 2014

പൊയ്കയിൽ മുഖം നോക്കിയ
നിലാവിന്റെ പുഞ്ചിരി, ആമ്പൽ
പൂവായി വിരിഞ്ഞു..
പൂവിന്റെ കവിളിൽ നഖചിത്രം
തീർത്ത വണ്ടിന്റെ ചുണ്ടിൽ
തേൻതുള്ളി പാട്ടായി അലിഞ്ഞു..
ഇളം തെന്നലിന്റെ പാട്ടിൽ ഇല-
ത്താളിലെ മഴത്തുള്ളി നൃത്തം ചെയ്യുന്നു..
ഇനിയും ഉറങ്ങാത്ത മിഴികളിൽ
സ്വപ്നമാകാൻ എന്റെ ഹൃദയം
പിടഞ്ഞു നില്ക്കുന്നു...
നീയും, നിലാവും, ഏ. ആർ. റഹ്മാനും
ചേർന്ന്, എന്റെ ഹൃദയത്തിന്റെ
കളിമണ്ണ്‍ ചവിട്ടിക്കുഴച്ചു...

നിന്റെ വിരലുകൾ

ഈ വിരലുകൾ എന്റെ ഹൃദയത്തിനുള്ളിലെ
കൊടുങ്കാറ്റുകളുടെ കെട്ടഴിച്ചു വിട്ടു...
നീ എന്നെ ഇഷ്ടപ്പെട്ടത് , എന്റെ
കണ്ണിൽ പ്രതിബിംബിച്ച നിന്റെ
രൂപം കണ്ടതു കൊണ്ടാകാം...
നിന്റെ കണ്ണിലെ കണ്മഷിയിലിരുന്നൊരു വേനൽ
എന്റെ ഹൃദയത്തിലെ കടലും, തിരമാലകളും
കുടിച്ചു വറ്റിക്കുന്നു.....