Tuesday, 17 November 2020

ആ കൊയ്ത വയലൊന്നും നമ്മുടേതായിരുന്നില്ല,
ആ പാടിയ പാട്ടും..

Monday, 12 October 2020

ഇരുളിൽ വിടാതെ പിന്തുടരുന്ന
പന്തങ്ങളിൽ നിന്ന് രക്ഷ നേടാൻ
എന്തു ചെയ്യണം..??

ഒന്നുകിൽ കൂടുതൽ ഇരുളാകുക,  അല്ലെങ്കിൽ കൊടും തീയാകുക..

Tuesday, 7 July 2020

നക്ഷത്രങ്ങൾ പെയ്തിറങ്ങുന്ന കിനാവിൽ
നിന്നിറങ്ങി നാം നനഞ്ഞതെത്ര തീമഴകൾ..

Wednesday, 3 June 2020

ഇരുളിൽ.. ഒറ്റയ്ക്കായപ്പോൾ, ആകാശം
എഴുതിയതാണീ നക്ഷത്രങ്ങളെ..

Saturday, 25 April 2020

ആരെങ്കിലുമറിഞ്ഞിരുന്നെങ്കിൽ

ഒരപ്പൂപ്പൻ താടിയുടെ കൂട്ട്‌ പോയ കാറ്റ്‌ തിരിച്ച്‌ വരാതിരുന്നതെന്തെന്ന് ആരെങ്കിലുമറിഞ്ഞിരുന്നെങ്കിൽ..

അവസാനം കണ്ടത്‌ പാറയിടുക്കിലേക്കിറങ്ങി
പോകുന്ന മലഞ്ചെരിവിലെ കായാമ്പൂവുകളായിരുന്നു

ആരും നിലവിളിയൊന്നും കേട്ടിരുന്നില്ല, മൂളിപ്പാട്ടൊരെണ്ണം കേട്ടുവോ എന്ന്
മുത്തനൊരു മരം സംശയം പറഞ്ഞു

ഈ ചെരുവിലപ്പോൾ മഴയുണ്ടായിരുന്നെന്നൊരു
മയിലാഞ്ചി ചെടിയോർത്തു..

നനഞ്ഞുതിർന്നു കാണണം അപ്പൂപ്പൻ താടി ആഴങ്ങളിലേക്ക്‌..
കാറ്റിനെന്തു പറ്റി, ആരെങ്കിലുമൊന്നറിഞ്ഞിരുന്നെങ്കിൽ..

ഭാരമില്ലാത്തവനല്ലേ വീണു മരിക്കില്ലായിരിക്കും..

Friday, 3 April 2020

പൗർണ്ണമിയിൽ നിന്നമാവാസിയിലേക്ക്‌ നീങ്ങുന്ന ആകാശത്തിൽ
നക്ഷത്രങ്ങളേറും പോൽ,
രാവു നീളുമ്പോൾ എന്നിൽ പൂക്കുന്നു
നിറയെ നിന്റെ വിരലടയാളങ്ങൾ..

Thursday, 26 March 2020

ആകാശത്തെ അനുകരിച്ച്‌
മുറ്റത്ത്‌ പൂത്തൊരു മുല്ല..

Thursday, 6 February 2020

മൗനം ഞാൻ മറന്നു വെച്ചതെവിടെയാണ്‌..?
അവസാനമെഴുതിയ കവിതയുടെ അവസാനത്തെ വരിയിലായിരിക്കണം..