Saturday, 30 November 2013

ഓർമ്മകൾ മയങ്ങി വീഴുന്ന സ്വപ്നങ്ങളിൽ
നിന്നെ ഞാൻ തിരഞ്ഞു.
നിശാഗന്ധി പൂത്ത രാത്രിയിൽ
നക്ഷത്രങ്ങൾക്കിടയിൽ നിന്നെ ഞാൻ തിരഞ്ഞു..
കടലിലും, തിരയിലും ആർത്തലക്കുന്ന മേഘമാലയിലും,
ചെംതീ ചൂടി നിൽക്കുന്ന പൂമരത്തിന്റെ ചില്ലയിലും,
കാട്ടിലും, കിളിയുടെ പാട്ടിലും തിരഞ്ഞു
മഴയുടെ മർമ്മരത്തിലും മനസ്സിൽ മഞ്ചാടി
വീണു മുളച്ച മണ്ണിലും നീ ഇല്ല...
എങ്കിലും എനിക്കു കാണാനാകാതെ
എവിടെയോ ഇരുന്നു നീ എന്റെ
ഹൃദയം കേൾക്കെ പാട്ടു മൂളുന്നു..

Friday, 29 November 2013

സ്വപ്നങ്ങൾ ഓരോന്നിലും
നിന്റെ മിഴികളോട്‌ പോരടിച്ച്‌
മരിച്ചു വീഴുകയാണിന്നു ഞാൻ...

സ്വർഗ്ഗത്തിൽ നിന്നൊരു കവിത ചിറകു വെച്ചു പുഞ്ചിരിയായി നിന്റെ ചുണ്ടിൽ പറന്നിറങ്ങുന്നു.

നരകത്തിൽ നിന്നു ഒരു തുള്ളി അഗ്നി മിന്നാമിനുങ്ങായി നിന്റെ കണ്ണിൽ എരിഞ്ഞു നീറുന്നു...

Wednesday, 27 November 2013

നിൻ കവിളിലേക്കിരച്ചെത്തുന്ന
രക്തശോഭക്ക്‌, പൊട്ടു തൊട്ട
സാന്ധ്യാകാശം പശ്ചാത്തലമേകുമ്പോൾ
തുമ്പപ്പൂവിൻ നിറമുള്ള
വസ്ത്രാഞ്ചലത്തിനു ഞൊറിയിട്ട്‌
കാറ്റ്‌ മാലാഖച്ചിറക്‌ നൽകുമ്പോൾ
കാലടികളിൽ തരിച്ച്‌ നിൽക്കുന്ന
മണൽത്തരികളുടെ പുളകം
തിരമാലകൾ കവർന്ന് പോകുമ്പോൾ..
തെങ്ങിൻ തലപ്പുകളിൽ
ചേക്കേറിയ പക്ഷികൾ
നിന്റെ ചുണ്ടിലെ പാട്ടു
കവരുവാൻ ചിറകു തേടുന്നു..
ഈ കാറ്റും കടലും
ആകാശവും എന്റെ ഹൃദയത്തിനുള്ളിൽ തടവിലാകുന്നു..
എന്റെ നിമിഷങ്ങളിൽ യുഗങ്ങൾ
കടന്നു പോകുന്നു...

ഹൃദയത്തിനുള്ളിൽ ഒരു
ഇടനാഴി കൊതിക്കുന്നു
ഇനിയും വന്നു ചേരാത്ത
കാലടി ശബ്ദങ്ങൾക്കായി...

Monday, 18 November 2013

പ്രണയത്തിന്റെ നാളിൽ...

എന്റെ ചുണ്ടിലെ ചോരത്തുള്ളി
നിന്റെ ചുണ്ടിലെ മുറിവിനോട്‌
നിന്റെ ഹൃദയത്തിലേക്കുള്ള
വഴി ചോദിക്കും... .

Monday, 11 November 2013

എന്റെ ചില്ലയിൽ നിന്ന്
ഈ ശലഭങ്ങളെല്ലാം എങ്ങോട്ടാണ്‌
പറന്ന് പോയത്‌..?

മഴക്കാലം..

ഈ പ്രകൃതി പോലും
കരഞ്ഞു തീർക്കുന്നത്‌
എന്റെ കണ്ണീരാണ്‌..

Saturday, 9 November 2013

Valentines day..

പ്രണയത്തിന്റെ രക്ത
സാക്ഷിയുടെ ദിനത്തിൽ
ഞാനവൾക്കൊരു ചുവന്ന
പനീർപ്പൂവ്‌ കൊടുത്തു...

വരുന്ന വർഷങ്ങളിൽ കാമുകന്മാർ
പ്രണയത്തിന്റെ രണ്ട്‌
രക്തസാക്ഷികൾക്കായ്‌
പനിനീർപ്പൂക്കൾ കൊടുക്കും..

Wednesday, 6 November 2013

ആകാശത്ത്‌ കാർമേഘങ്ങളുടെ കടലിരമ്പം...

ഒരു സ്വപ്നത്തിൽ കടലാസു വഞ്ചിയേറി
പുതിയ തീരം തേടാൻ പോകാം ??
ഈ  മഴ തോരുന്നതിനു മുൻപെ...

എന്തു ചെയ്തു നീ, ?
അന്നു തന്ന ചെമ്പക
പ്പൂവിന്റെ ഇതളുകളും..

എന്റെ ഹൃദയവും..