ഒരു പെൺകുട്ടിയെ പ്രണയിക്കുക എന്നാൽ
മല വിളുമ്പിൽ നിൽക്കുന്ന അവളോട്
മേഘങ്ങളിൽ ചവിട്ടി നടക്കാനാകും
എന്നു ബോധ്യപ്പെടുത്തലാണ്.
ഒരു പെൺകുട്ടിയെ പ്രണയിക്കുക എന്നാൽ
ആറ്റു വക്കത്തെ പാറ മേൽ ആകാശം
നോക്കി ഇരിക്കുന്ന വേഴാമ്പലിനെ
മഴ=വെള്ളം എന്ന് പഠിപ്പിക്കലാണ്.
ഒരു പെൺകുട്ടിയെ പ്രണയിക്കുക എന്നാൽ
കാട്ടു തീ മാത്രം കൊണ്ട് വരും എന്ന്
അവൾ കരുതുന്ന കാറ്റ്, മരത്തലപ്പുകളിൽ
വസന്തം കൊണ്ടു വരുന്നത്
കാണിച്ചു കൊടുക്കുക എന്നതാണ്.
ഒരു പെൺകുട്ടിയെ പ്രണയിക്കുക എന്നാൽ
തലയ്ക്കു മുകളിൽ അവൾ
കാണുന്ന കിണറിന്റെ വട്ടത്തിന്
ആകാശം എന്നാണ് പേരെന്ന്
പറഞ്ഞു കൊടുക്കുകയാണ്..
ഒരു പെൺകുട്ടിയെ പ്രണയിക്കുക എന്നാൽ
'ജലം' എന്ന് അവൾ എഴുതിയ
അവളുടെ പേര് 'അഗ്നി' എന്ന്
വായിക്കുകയാണ്..
ഒരു പെൺകുട്ടിയെ പ്രണയിക്കുക എന്നാൽ
ഈ കവിതയിലെ പെണ്ണ് അവൾ
മാത്രമെന്ന് ഒരു അടിക്കുറിപ്പ്
ചേർക്കുക എന്നതാണ് ..
No comments:
Post a Comment