ഒരിക്കലും വിടരാത്ത പൂമൊട്ടുകൾ തിരഞ്ഞ്
കുന്നിൻ നിറുകയിലോട്ടൊരു യാത്ര..
കാലത്തിന്റെ ചിറകിൽ നിന്നടർന്ന് വീണ
സമയത്തിന്റെ തൂവലുകൾ പെറുക്കിയൊരു
കുന്നു കയറ്റം..
വിടരുവാനാവില്ലെങ്കിലും സന്ധ്യ ചെഞ്ചായം വിരിയിച്ച്
ഇരുളിലേക്ക് മയങ്ങി വീഴുന്നു..
രാത്രിയിൽ വിരിയുന്നവ വെളുത്ത
പൂക്കളാണെന്ന് പുഞ്ചിരിച്ച്
ചന്ദ്രൻ ഉദയമെത്തിക്കുന്നു..
കൊഴിഞ്ഞ് കൊഴിഞ്ഞ് വെളിച്ചത്തിലേക്ക് വീഴുന്നു
മൊട്ടിൽ നിന്ന് പൂവിലേക്കോ നമ്മൾ
മണ്ണിൽ നിന്ന് ആകാശത്തേക്കോ..
ആകാശത്തിൽ നിന്ന് മണ്ണിലേക്കെന്ന്
പ്രകൃതി നിയമം..
അതിനാൽ പൂവിൽ നിന്ന് മൊട്ടിലേക്കാകണമല്ലോ..
പ്രകൃതി നിയമത്തിനെതിരേ പൂ
വിരിയിച്ചു കൊണ്ടൊരു മുല്ല..
കുന്നിൽ നിന്ന് താഴേക്കല്ലാതെ
കുന്നിൻ മുകളിലേക്ക്
നിഷേധിയായൊരു മനുഷ്യൻ..
No comments:
Post a Comment