നീയിട്ടിട്ട് പോയതിലെല്ലാം
തീയിട്ടിട്ട് പോകുന്നു കാലം..
Thursday, 21 September 2017
Tuesday, 19 September 2017
ഞാൻ സംഘിയാണെന്നതിന് തെളിവുണ്ടോ..?
ഗാന്ധിയെ കൊന്നത് സംഘിയാണെന്ന്
പറഞ്ഞാൽ കേസ് കൊടുക്കും,
ബാബറി പൊളിച്ചത് സംഘിയാണെന്ന്
പറഞ്ഞാൽ കേസ് കൊടുക്കും,
ധാബോൽക്കർ, കൽബുർഗി,
പൻസാരെ, ഗൗരീ ലങ്കേഷ്
ഇവരെയെല്ലാം കൊന്നത് സംഘിയാ
ണെന്നതിന് തെളിവെവിടെ..?
വർഗ്ഗീയ കലാപം നടത്തിയതിന്
വെറുതെ വിട്ട മോദിജിയുടെ
പേരിൽ കലാപക്കറ ആരോപിക്കരുത്.
സംഘപരിവാറിനെ വിമർശിച്ചവരെ കോൺഗ്രസ്
കൊല്ലുമെന്ന് പറഞ്ഞതിന് മാതൃ തുല്യയായ
ശശികല ടീച്ചർക്കെതിരെ കേസോ..??
മോദിയെ വർഗ്ഗീയവാദിയെന്ന് വിളിച്ചാൽ കേസ് കൊടുക്കും,
ശശികല ടീച്ചറെ വിഷകലയെന്ന്
വിളിച്ചാൽ കേസ് കൊടുക്കും..
മാതൃഭൂമിയെ ജന്മഭൂമിയെന്ന് വിളിച്ചാൽ
കേസ് കൊടുക്കും..
എന്നെ സംഘിയെന്നോ..?? നിനക്കെതിരെയും കേസ് കൊടുക്കും..
Sunday, 17 September 2017
വസന്തം വയൽ പൂക്കളോട് ചെയ്യുന്നത്..
നീലാമ്പലുകൾ നിദ്രയിലോട്ടിറങ്ങുന്ന
പുലരിയിൽ നനുത്ത കവിളിൽ പതിപ്പിച്ച
തുഷാര ബിന്ദുവിൽ നൂറു സൂര്യന്മാരെ
കോർത്തു വെക്കുന്നു..
ആകാശത്തുമ്പിൽ നിന്നൊടിച്ചെടുത്ത
മഴവില്ലിൻ പൊടിയെ ഉപ്പു വിതറും പോൽ
നനുത്ത തുള്ളികളിൽ തടവിലാക്കുന്നു
ഇളം സൂര്യൻ കവിളിൽ പതിക്കുമ്പോൾ
കാറ്റിന്റെ നനുത്ത ശ്വാസത്താൽ തഴുകിയുണർത്തുന്നു..
വരമ്പിലെ വയലറ്റു വരികളിൽ വെള്ളി സ്വർണ്ണ നാരുകളാൽ വെയിൽ വല നെയ്യുന്നു..
തെളിഞ്ഞ മാനത്ത് വെള്ളിമേഘങ്ങൾക്കിടയിൽ
വയൽപൂവേ നിനക്കായ് കണ്ണാടി നീർത്തുന്നു..
മണ്ണിന്റെ മണം, പക്ഷികൾ കൊഴിച്ചിട്ട് പോയ തൂവലുകൾ,
പൊന്മാൻ കുഞ്ഞിന്റെ തിളക്കം, നിനക്കായ് എല്ലാം കാത്തു വെക്കുന്നു..
ഉരുകിയ ചെമ്പിന്റെ ശോഭയിൽ നിനക്കായ് ഹൃദയ രക്തത്താൽ സന്ധ്യയൊരുക്കുന്നു,
ആകാശത്തൊരായിരം മാനത്ത് കണ്ണികൾ നിന്നെ നോക്കും പോൽ
ഇരുളിന്റെ പൊയ്കയൊരുക്കുന്നു..
നാളെ നല്ലൊരു കഥ പറയാൻ നിന്നെയിന്നൊരു സ്വപ്നത്തിലേക്ക് ഉറക്കിയൊഴുക്കുന്നു..
വസന്തം വയൽ പൂക്കളോട് ചെയ്യുന്നത്
എനിക്ക് നിന്നോടൊത്ത് ചെയ്യണം..
Saturday, 16 September 2017
മരിച്ചവരുടെ വാക്ക്
നിങ്ങൾ തല്ലിയുടച്ച ഘടികാരത്തിൻ
ശബ്ദം നിലച്ച് പോയാലും
സമയം നിലച്ച് പോകില്ല..
ചരിത്ര പുസ്തകത്തിൽ നിന്നും
കീറിയെറിഞ്ഞ കടലാസ് കഷണങ്ങളോടൊപ്പം
ചരിത്രം കാറ്റിൽ പറന്നു പോകും
എന്ന് കരുതിയോ..?
വെടിയുണ്ടകൾ പായിച്ചോളൂ,
വാക്കിൻ മൂർച്ചയേറെയെന്നറിയാതെ..
സൂക്ഷിച്ചോളൂ..! ശബ്ദവും, ചരിത്രവും,
വാക്കുകളും നിങ്ങളെ തേടി വരും..