നീലാമ്പലുകൾ നിദ്രയിലോട്ടിറങ്ങുന്ന
പുലരിയിൽ നനുത്ത കവിളിൽ പതിപ്പിച്ച
തുഷാര ബിന്ദുവിൽ നൂറു സൂര്യന്മാരെ
കോർത്തു വെക്കുന്നു..
ആകാശത്തുമ്പിൽ നിന്നൊടിച്ചെടുത്ത
മഴവില്ലിൻ പൊടിയെ ഉപ്പു വിതറും പോൽ
നനുത്ത തുള്ളികളിൽ തടവിലാക്കുന്നു
ഇളം സൂര്യൻ കവിളിൽ പതിക്കുമ്പോൾ
കാറ്റിന്റെ നനുത്ത ശ്വാസത്താൽ തഴുകിയുണർത്തുന്നു..
വരമ്പിലെ വയലറ്റു വരികളിൽ വെള്ളി സ്വർണ്ണ നാരുകളാൽ വെയിൽ വല നെയ്യുന്നു..
തെളിഞ്ഞ മാനത്ത് വെള്ളിമേഘങ്ങൾക്കിടയിൽ
വയൽപൂവേ നിനക്കായ് കണ്ണാടി നീർത്തുന്നു..
മണ്ണിന്റെ മണം, പക്ഷികൾ കൊഴിച്ചിട്ട് പോയ തൂവലുകൾ,
പൊന്മാൻ കുഞ്ഞിന്റെ തിളക്കം, നിനക്കായ് എല്ലാം കാത്തു വെക്കുന്നു..
ഉരുകിയ ചെമ്പിന്റെ ശോഭയിൽ നിനക്കായ് ഹൃദയ രക്തത്താൽ സന്ധ്യയൊരുക്കുന്നു,
ആകാശത്തൊരായിരം മാനത്ത് കണ്ണികൾ നിന്നെ നോക്കും പോൽ
ഇരുളിന്റെ പൊയ്കയൊരുക്കുന്നു..
നാളെ നല്ലൊരു കഥ പറയാൻ നിന്നെയിന്നൊരു സ്വപ്നത്തിലേക്ക് ഉറക്കിയൊഴുക്കുന്നു..
വസന്തം വയൽ പൂക്കളോട് ചെയ്യുന്നത്
എനിക്ക് നിന്നോടൊത്ത് ചെയ്യണം..
No comments:
Post a Comment