Wednesday, 29 January 2014

വയൽപൂക്കൾ നിന്റെ കൈകളിൽ
മയിലാഞ്ചി വരകളായി പടർന്നു കയറുന്നു,
രാവിന്റെ അവസാന തുള്ളി  നിലാവ്
കണ്‍പീലിയിൽ തുഷാരമാകുന്നു
നിന്റെ പുഞ്ചിരിയിൽ എന്റെ മനസ്സ്
മഴ കണ്ട മയിലിനെപ്പോലെ നൃത്തം ചെയ്യുന്നു..
പണ്ട് പണ്ടൊരു കടൽക്കഥയിലെ
മത്സ്യകന്യകയുടെ കണ്ണീരു പോലെ
ആകാശത്തേക്ക് ഉയർന്നു പോകുന്ന
നിലാവിന്റെ ഒരു തുള്ളി- ഒരു മിന്നാമിനുങ്ങ്
ചന്ദ്രനെ തേടി പോകയാണോ ?
മഞ്ഞിന്റെ ജാലക വിരിപ്പിന്നു പുറകിൽ
മറഞ്ഞിരുന്ന ചന്ദ്രന്റെ പുഞ്ചിരിയിൽ
രാവിന്റെ മുടിയും, എന്റെ ഹൃദയവും
നനഞ്ഞു.....

Sunday, 26 January 2014

നീ മഴയായും, കാറ്റായും പുണരുന്നു...
മിന്നൽ നിന്റെ കണ്ണിലെ തിളക്കം, ഇടി
എന്റെ നെഞ്ചിൻ മുഴക്കം..
നീ തണുപ്പായും, കുളിരായും പുണരുന്നു..
ഞാൻ സ്വപ്നം, നീ സ്വപ്നത്തിലെ
നിശാഗന്ധിയുടെ സുഗന്ധം..
നീ ജീവനായും,ശ്വാസമായും  പുണരുന്നു...
ഞാൻ പുതുമണ്ണിന്റെ ഗന്ധം,
നീ എന്റെ നെഞ്ചിലെ വേനൽമഴ...
നിന്റെ കവിളിൽ നീ പുഞ്ചിരിയാൽ
കവിത എഴുതുന്നു...
എന്റെ കരളിലും...
ഹൃദയം വരെ നനച്ചിട്ടും ഈ
മഴയ്ക്ക് കുട പിടിക്കാൻ തോന്നുന്നില്ല...
മുങ്ങി മരിക്കുമെന്നറിഞ്ഞിട്ടും
ഈ കടലിൽ നിന്നും കര കയറുവാൻ
തോന്നുന്നില്ല....
നീ എല്ലായ്പ്പോഴും തണുപ്പു
നൽകുന്ന ഒരു നെരിപ്പോടായിരുന്നു...

Thursday, 23 January 2014

നീ നിന്റെ മിഴികളാൽ എന്റെ
ഹൃദയത്തിനകത്തേക്ക്  നോക്കുന്നു
നിന്റെ മെലിഞ്ഞു നീണ്ട വിരലുകൾ
എന്റെ കിനാവിനുള്ളിൽ പരതി
ഏറ്റവും മനോഹരമായ ഒന്ന്
എന്നും എനിക്ക് സമ്മാനിക്കുന്നു...
പുലരിയിൽ, നനുത്ത പുഷ്പമായ്
പുഞ്ചിരി തൂകുന്നു, സന്ധ്യയിൽ
ചുവന്ന മുഖത്തോടെ
യാത്ര ചോദിക്കുന്നു...
ഏകാന്തതയുടെ കടൽ പാലത്തിലൂടെ
അവസാനത്തിലേക്ക് നടന്നു നീങ്ങിയ
എന്നെ കരയിൽ ഇരുന്നൊരു മത്സ്യ-
കന്യകയായ്‌ പാട്ടു മൂളി നീ തിരികെ വിളിച്ചു,
നേർത്ത മുഖാവരണം മാറ്റി നീ
നിന്റെ കണ്ണിന്റെ ആഴത്തിലേക്ക്
മാടി വിളിച്ചു,  ഇനിയും ഞാൻ
പാതി വഴിയിലാണ് ....
എങ്കിലുമൊരു നാൾ കാറ്റും തിരകളും താണ്ടി
നിൻ ഹൃദയത്തിലെ ചുഴിയിൽ
ഒരു കൊടുങ്കാറ്റായ്  പടരും ഞാൻ...

Sunday, 12 January 2014

ദൂരെ തെങ്ങിൻ തലപ്പുകൾക്ക്  മുകളിൽ
മേഘങ്ങൾ നിന്നു, മേഘങ്ങൾക്കു മുകളിൽ
നക്ഷത്രങ്ങൾ നിന്നു, നക്ഷത്രങ്ങൾക്കും
മുകളിൽ നീ നിന്നു....
താഴെ...
നിലാവിന്റെ ഓളങ്ങൾക്കിടയിൽ
മറ്റൊരോളമായി ഞാൻ..
ഒരു നിശാഗന്ധിയുടെ സുഗന്ധത്തിൻ
ചിറകു വെച്ച് ചില്ലുശലഭമായ്
പറന്നുയരാം... നിന്നോടൊത്ത്
സ്വർഗ്ഗത്തിനും മുകളിൽ  ഒരു
നരകം തേടാൻ.....
മേഘങ്ങൾ പോലും കുളിരിനാൽ
നക്ഷത്രത്തിന്റെ വെള്ളിവെളിച്ച-
ത്തിലേക്ക് ചേർന്നു നില്ക്കുന്ന
ഡിസംബറിന്റെ രാത്രിയിൽ...
നമുക്കൊരുമിച്ച്  പറന്നു
പോകാം, മഞ്ഞുകാലത്തിനുമപ്പുറം
വസന്തത്തിന്റെ ഒരു പൂത്ത ചില്ലയിലേക്ക്....
മാനത്തൊരു മഴവില്ല് , നനഞ്ഞ
സൂര്യന്റെ പുഞ്ചിരി...
ഭൂമിയിലൊരു പനിനീർപൂ, ചുവന്ന
സൂര്യന്റെ ഹൃദയ രക്തം..

നിന്റെ കണ്ണിലൊരു തേൻകൂട്, എന്റെ
നെഞ്ചിൽ പാറിപ്പറക്കുന്ന തേനീച്ചകൾ
പ്രണയത്തിന്റെ മാധുര്യം...
പ്രണയത്തിന്റെ വേദന...
ഇരുണ്ട ആകാശത്തിനും, തണുത്ത
ഭൂമിക്കും ഇടയിലൂടെ നടക്കുമ്പോൾ
നിനക്ക് ചെമ്പകപ്പൂവിന്റെ
മണമാണെന്നും, നിന്റെ കണ്ണുകളിൽ
നക്ഷത്രം തിളങ്ങുന്നുവെന്നും
നുണ പറയാൻ തോന്നുന്നു..

തിര

നിന്റെ കണ്ണുകൾ കടലു പോലെ
ഓരോ നിമിഷവും, തികച്ചും
വ്യത്യസ്തമായ ഒരു തിര...
നാണത്തിന്റെ പഴം തന്നു
നിന്റെ മേനിയിൽ, സൗന്ദര്യത്തിന്റെ
മൂടുപടം അണിയിച്ച
വിലക്കപ്പെട്ട മാലാഖയ്ക്ക് നന്ദി....
എന്റെ കവിതയിൽ സ്വർഗ്ഗത്തിന്റെ
ഇടിമിന്നൽ വിളക്കിച്ചേർത്ത
നിന്റെ കണ്ണിലെ എരിയുന്ന
നരകത്തിനും നന്ദി....

മൗനം

മൗനം ഒരൊഴിഞ്ഞ കുപ്പിയല്ല
നിറഞ്ഞ കുപ്പിയാണ് ....

Thursday, 9 January 2014

എന്റെ ഹൃദയരക്തം മുഴുവനും വാർന്നു
നിന്റെ നെറ്റിയിൽ, കുങ്കുമപൊട്ടിൽ
കണ്ണാടി നോക്കുന്നു.. നിന്റെ കണ്ണിലെരിയുന്ന
കാട്ടുതീ കരിയിച്ച പുൽനാമ്പുകളോ
കണ്പീലികൾ ? ഇരുളിന്റെ കീറെടുത്ത്
മഴവില്ലാക്കിയതോ പുരികക്കൊടികൾ ?
മുടിയിഴകൾ തിരകളായ് എത്തി നോക്കും
കാളിന്ദി തൻ മണൽപരപ്പ് കവിൾത്തടം..
ഒരു പുഞ്ചിരിയിൽ ലോകത്തിലെ മുഴുവൻ
താരകളെയും വലിച്ചെടുക്കും തമോ-
ഗർത്തങ്ങൾ നുണക്കുഴികൾ...
നിന്റെ മാലയിൽ കൊരുത്ത മുത്തു പോലെ
കടലിലേക്കിറങ്ങാൻ ഭയന്നു കെട്ടിയിട്ട
വള്ളമിന്നെന്റെ മനസ്സ്......
നിന്റെ കണ്ണിലെ അഗ്നി മോഷ്ടിച്ചതിനുള്ള
ശിക്ഷയോ ? കരൾ കൊത്തി വലിക്കുന്ന
ഈ പ്രണയം...
മൗനം ഘനീഭവിച്ച് ഒരു തുള്ളി കവിതയാകുന്നതു പോലെ
വെളിച്ചം ഉറഞ്ഞു കൂടി ഒരു നക്ഷത്രക്കുഞ്ഞു പിറക്കുന്ന പോലെ
ഉറയിൽ നിന്ന് ഒരു വാൾ ഊരിയെടുക്കുന്നതിലുപരി
ഒരു മാതളത്തിന്റെ തോലിയുരിയുന്നത് പോലെ
നീ എന്റെ ഹൃദയത്തെ നഗ്നമാക്കി..

വിസ്മൃതിയുടെ താഴു തുറക്കാനുള്ള താക്കോൽ എനിക്ക്
കളഞ്ഞു പോയി, ഇല്ലായിരുന്നെങ്കിൽ ഞാൻ നിനക്ക്
പറഞ്ഞു തരുമായിരുന്നു, കഴിഞ്ഞ ജന്മത്തിൽ
എപ്പോൾ, എവിടെ വെച്ചാണ് നമ്മൾ കണ്ടുമുട്ടിയതെന്ന് ..
എന്തായാലും ഈ ജന്മത്തിൽ അതുണ്ടായത്
ഏകാന്തതയിൽ പൊട്ടി വീണ സംഗീതത്തിന്റെ
ചീള് പോലെയാണ്. അത് മുഴങ്ങിക്കൊണ്ടിരുന്നു..
അതിന്റെ തുടക്കവും ഒടുക്കവും ആർക്കും
അറിയാനാകുമായിരുന്നില്ല...

വെളിച്ചം ഇരുളിനെ ഓടിച്ച് കളഞ്ഞേക്കാം
എന്നാൽ എന്നും വെളിച്ചം ജയിക്കുന്നില്ല
മൂടൽ മഞ്ഞു അതിനെ മറച്ചു വെക്കും
ചിതറിച്ച് കളയും, അങ്ങനെ
മൂടൽമഞ്ഞിനാൽ ചിതറിക്കപ്പെട്ട
ഒന്നാണ് നമ്മുടെ സംഗമം...

ഞാൻ ഒരുപാടു പുലമ്പിക്കൊണ്ടിരുന്നു,
നിന്നൊടെന്ന പോലെ മറ്റുപലരോടും..
പലപ്പോഴും നിന്നോടു പറയാനുള്ളത്
ചെളിയിൽ പുതഞ്ഞ രത്നമായി..
ആയിരം മഴത്തുള്ളികൾക്കിടയിൽ നിന്ന്
തിരഞ്ഞെടുക്കപ്പെട്ട ഒന്ന്, അത്
ചിപ്പിക്കുള്ളിൽ കയറി മുത്താകുന്നു....
മാനത്തിന്റെ കണ്ണുനീർ....

നിന്നെയോർത്തെഴുതിയ കവിത ഒരു
മുത്താണെന്നവർ പറഞ്ഞു..
ഞാൻ പറഞ്ഞു അതൊരു തുള്ളി
കണ്ണുനീരാണെന്ന് .....