Tuesday, 15 March 2016

പ്രതിഷേധം

തല കൊയ്തിട്ട കാറ്റിനെതിരെ മർമ്മരത്തിന്റെ മുദ്രാവാക്യം മുഴക്കി കരിയിലകൾ..
എരിഞ്ഞ്‌ തീരുമ്പോഴും തലക്ക്‌ തീവെച്ചവനെതിരെ കരിങ്കൊടി കാട്ടിയ സിഗററ്റ്‌ കുറ്റികൾ..
കുഴിച്ച്‌ മൂടിയ മണ്ണിന്റെ നെഞ്ചിലേക്ക്‌ ആഴ്‌ന്നിറങ്ങി വിത്ത്‌..
വറ്റിക്കുവാൻ വന്ന വെയിലിനെ ചിതറിച്ച്‌ മഴത്തുള്ളി.
ചെറുത്ത്‌ നിൽപ്പുകൾക്ക്‌ മഴവില്ലിന്റെ മനോഹാരിതയുണ്ടെന്ന്, കൊരുക്കുന്ന കണ്ണുകൾ കൊണ്ട്‌ കവിതയെഴുതി ഫാസിസ്റ്റ്‌ കാലത്തെ പ്രണയം..

Tuesday, 8 March 2016

പ്രണയത്തിലേക്കുള്ള പാത

രണ്ടു പേർക്ക്‌ പോകാനുള്ള
ഇടുങ്ങിയ പാതയിലൂടെ
നമ്മൾ നടന്നു,
ചിലപ്പോൾ കൈകൾ കോർത്ത്‌
ചിലപ്പോൾ ഹൃദയവും..
മഞ്ഞിനു മണ്ണിന്റെ മണവും
മണ്ണിനു മഞ്ഞിന്റെ മണവുമുള്ളൊരു
പുലരിയിൽ ഓരത്തുള്ള ചെമ്പക
പ്പൂവുകൾ ഉറക്കമുണർന്നില്ലേ
എന്ന് നിന്റെ കണ്ണുകൾ തിരയുന്നതായി
ഞാൻ കണ്ടു..
ഇന്നലെ സന്ധ്യയിൽ കണ്ട ചുവന്ന
പൂവുകൾ വെളുത്തതതെന്തേ
എന്ന് നിന്റെ വിളറിയ ചുണ്ടുകളും..
അറ്റമില്ലാത്ത ലോകത്തിന്റെ അറ്റത്തേക്ക്‌
നാം നടന്നു, എങ്കിലും കാലത്തിൽ
നിലച്ചു പോയ കാലൊച്ച പോൽ
കായാമ്പൂവുകൾ വളർച്ച മുറ്റി നിന്നു,
നിശബ്ദമായി പുഷ്പിച്ച്‌ കൊണ്ട്‌..
നീലാകാശത്തിൽ നിന്ന് കടം കൊണ്ട
നിശബ്ദതയുടെ നിറമുള്ള പൂക്കൾ..
പ്രണയത്തിലേക്കുള്ള പാത
നിശബ്ദതയാൽ വാചാലമായിരുന്നു
നീയും ഞാനും എന്നത്‌ ചിലപ്പോൾ
ഞാനോ മറ്റു ചിലപ്പോൾ നീയോ
മാത്രമായി, നമ്മൾ ഉണ്ടായിരുന്നില്ല..
പ്രണയത്തിലേക്കുള്ള പാത
എന്നും മനോഹരമായിരുന്നു,
ഒറ്റക്ക്‌ സഞ്ചരിക്കേണ്ടി വരുന്നത്‌ വരെ..

Wednesday, 24 February 2016

മേഘത്തെ കാണിച്ച്‌ കുട വരുത്തുന്ന വിദ്യ ആകാശം പഠിച്ചത്‌ നിന്നിൽ നിന്നാകണം..
വെയിൽ വരച്ച വരയിൽ നിന്ന് തെന്നി മാറി മഴവില്ലുണ്ടാക്കുന്ന വിദ്യ എന്നിൽ നിന്നും..

Monday, 11 January 2016

ഒരു പെൺകുട്ടിയെ പ്രണയിക്കുക എന്നാൽ

ഒരു പെൺകുട്ടിയെ പ്രണയിക്കുക എന്നാൽ
മല വിളുമ്പിൽ നിൽക്കുന്ന അവളോട്‌
മേഘങ്ങളിൽ ചവിട്ടി നടക്കാനാകും
എന്നു ബോധ്യപ്പെടുത്തലാണ്‌.

ഒരു പെൺകുട്ടിയെ പ്രണയിക്കുക എന്നാൽ
ആറ്റു വക്കത്തെ പാറ മേൽ ആകാശം
നോക്കി ഇരിക്കുന്ന വേഴാമ്പലിനെ
മഴ=വെള്ളം എന്ന് പഠിപ്പിക്കലാണ്‌.

ഒരു പെൺകുട്ടിയെ പ്രണയിക്കുക എന്നാൽ
കാട്ടു തീ മാത്രം കൊണ്ട്‌ വരും എന്ന്
അവൾ കരുതുന്ന കാറ്റ്‌, മരത്തലപ്പുകളിൽ
വസന്തം കൊണ്ടു വരുന്നത്‌
കാണിച്ചു കൊടുക്കുക എന്നതാണ്‌.

ഒരു പെൺകുട്ടിയെ പ്രണയിക്കുക എന്നാൽ
തലയ്ക്കു മുകളിൽ അവൾ
കാണുന്ന കിണറിന്റെ വട്ടത്തിന്‌
ആകാശം എന്നാണ്‌ പേരെന്ന്
പറഞ്ഞു കൊടുക്കുകയാണ്‌..

ഒരു പെൺകുട്ടിയെ പ്രണയിക്കുക എന്നാൽ
'ജലം' എന്ന് അവൾ എഴുതിയ
അവളുടെ പേര്‌ 'അഗ്നി' എന്ന്
വായിക്കുകയാണ്‌..

ഒരു പെൺകുട്ടിയെ പ്രണയിക്കുക എന്നാൽ
ഈ കവിതയിലെ പെണ്ണ്‌ അവൾ
മാത്രമെന്ന് ഒരു അടിക്കുറിപ്പ്‌
ചേർക്കുക എന്നതാണ്‌ ..