Saturday, 1 December 2018

അങ്ങനെയിരിക്കെ

അങ്ങനെയിരിക്കെ ഞാനും മരിച്ച്‌ പോകും..
കൈ പേഴ്സിനുള്ളിൽ സുഗന്ധത്തിന്റെ
ഓർമ്മയ്ക്കായ്‌ നീ സൂക്ഷിച്ചു വെച്ച
ഉണങ്ങിയ ചെമ്പക പൂക്കളുടെ ഇതളുകൾ പോലെ
എന്റെ നരച്ച ഓർമ്മകൾ മാത്രം നിന്റെ ഹൃദയത്തിൽ അവശേഷിക്കും..

കൈ കോർത്ത്‌ നടന്ന നാളിലെ വിരലുകളുടെ ഓർമ്മകൾ
മകരത്തിന്റെ കുളിരിൽ മരവിച്ചു നിൽക്കും..

നീയെന്നും,ഞാനെന്നും നമ്മൾ പേര്‌ കോറി വരച്ച
മരത്തിന്റെ പുറത്ത്‌ നമ്മുടെ പേരുകൾ
വികസിച്ചകന്ന വികൃത ഭൂഖണ്ഡങ്ങളാകും..

അങ്ങനെയിരിക്കെ നീയും മരിച്ച്‌ പോകും,
എന്നും നമ്മൾ സന്ധ്യ നോക്കിയിരുന്ന നീലപൂക്കൾ കുട വിരിച്ച
സിമന്റ്‌ ബെഞ്ചിനു ചുറ്റുമുള്ള കരിയില
കുരുവികൾ മാത്രം ഏതോ പുനർജന്മങ്ങളിലൂടെ
അവിടെ എന്നേക്കും ചാടി നടക്കും..

Saturday, 27 October 2018

എന്ത്‌ കൊണ്ടാണ്‌ ഈ നീലക്കോളാമ്പി പൂക്കളെല്ലാം
നിന്റെ നുണക്കുഴിയെ ഓർമ്മിപ്പിക്കുന്നത്‌..?

ആകാശ നീലിമയെ  വലിച്ചെടുക്കുന്ന ഇരുൾ ചുഴികൾ
നിഗൂഡമായ്‌ കവിളിൽ ചൂടുന്നത്‌ കൊണ്ടോ..

നിഴൽത്തണലിൽ തണുത്ത സ്പർശമായ്‌
ശിരസിലൂടെ വിരലുതിർത്ത്‌ പൊഴിയുന്നതിനാലോ..

മൗനം കൊണ്ട്‌ ഏറെ കഥകൾ പറയുന്നതിനാലോ, മനസിൽ മഴയെ ഓർമ്മിപ്പിക്കുന്ന നേർത്ത കാറ്റിൻ മർമ്മരമാകുന്നതിനാലോ..

കാലമില്ലാതെ നിറഞ്ഞ്‌ പൂക്കുന്നതിനാലോ,
കാണാൻ കൊതിക്കുമ്പോൾ
പൊഴിഞ്ഞ്‌ വീഴുന്നതിനാലോ..
കരളിൽ ഏറെ കടൽ കാത്തു വെച്ചതിനാലോ,
അലയടിച്ചെന്റെ കരൾ പിളർന്നതിനാലോ..

എന്റെ മറന്ന് പോയ വരികളും കൊണ്ട്‌, വഴി തെറ്റി വന്ന മഴയിൽ
ഒഴുകിപോയതിനാലോ..

Sunday, 2 September 2018

പൂക്കാലത്തിനു ഭ്രാന്തു പിടിച്ച ഒരു കാലത്ത്‌
ഗുൽമോഹറുകൾ പകലിനെ സന്ധ്യയാക്കിയ
വഴിയിലൂടെ മറന്നു പോകാത്തൊരു പാട്ടിന്റെ വരി മൂളി നാം നടക്കവേ..
വിരിഞ്ഞ പൂവുകൾ ആകാശത്തിന്‌
പൊഴിഞ്ഞ പൂവുകൾ ഭൂമിക്കെന്ന്
മൂളിയൊരു കുയിൽ ചിറകടിച്ചകലവേ..

എന്റെ സ്വപ്നത്തിന്റെ ആകാശം നിന്നെ പിരിയാതിരിക്കാൻ മഴനൂലുകൾ
നെയ്തു കൊണ്ടിരുന്നു..

Wednesday, 25 July 2018

മഴയുടെ ശബ്ദം

മഴയുടെ ശബ്ദം ഞാൻ കേൾക്കുന്നേയില്ല
മുൻപ്‌ പെയ്ത മഴയുടെയോർമ്മകൾ
കാതിൽ പെയ്തു, നിറഞ്ഞ്‌...
തോർന്നു, തീർന്നു പോകുന്നു..

Thursday, 21 June 2018

ചില്ലുതരികൾ ചിതറിക്കിടക്കുന്ന
കണ്ണിന്റെ ആഴങ്ങളിൽ വീണു
മുറിഞ്ഞു പൊടിയുന്നു ജീവൻ..
എപ്പോൾ തോരണമെന്നറിയാതെ
പെയ്യുന്ന മഴ പോലെ,
എവിടെ അവസാനിപ്പിക്കുമെന്നറിയാതെ
തുടങ്ങി വെച്ച കവിത പോലെ..

Friday, 11 May 2018

മാന്ത്രിക പരവതാനി

എത്ര നിവർത്തിയിട്ടും അവസാനിക്കുന്നില്ലല്ലോ
നിനക്കായ്‌ ഞാൻ കവിത
തുന്നി വെച്ച പരവതാനി..
ചെമ്പകത്തിന്റെ മണവും,
നിലാവിന്റെ നിറവും
സന്ധ്യയുടെ ചുകന്ന നൂലുകളും, ആകാശത്ത്‌ നിന്നാരോ
വിരിച്ച തൂവാലയിൽ
ഞാൻ കണ്ട മഴവില്ലും,
നിന്റെ മിഴിയിരുളിൽ
തിളങ്ങുന്ന തീയും
നാം നമ്മുടേതെന്നു കരുതിയ നീലക്കോളാമ്പികളും, കരിയില- കുരുവികളും, കായാമ്പൂവിൽ നിന്നാകാശം കവർന്നെടുത്ത
കരൾ നീല ചുവപ്പും..
എത്ര വരച്ചിട്ടും തീരാത്ത
ചിത്രങ്ങളും, ഞാനീ പരവതാനി നിനക്ക്‌ സമ്മാനിക്കുന്ന നാളിൽ............
നീയുണ്ടാകുമെങ്കിൽ ഞാൻ
നിനക്ക്‌ പാടിത്തരാൻ പോകുന്ന പാട്ടിന്റെ വരികളും..

എത്ര എഴുതിയിട്ടും തീരുന്നില്ല
ഞാൻ നിനക്കായ്‌ സമ്മാനിക്കുവാൻ പോകുന്ന പരവതാനിയിലെ
പാട്ടിന്റെ വരികൾ..

എത്ര നിവർത്തിയിട്ടും അവസാനിക്കുന്നില്ലല്ലോ
നിനക്കായ്‌ ഞാൻ കവിത
തുന്നി വെച്ച പരവതാനി..
ചെമ്പകത്തിന്റെ മണവും,
നിലാവിന്റെ നിറവും
സന്ധ്യയുടെ ചുകന്ന നൂലുകളും, ആകാശത്ത്‌ നിന്നാരോ
വിരിച്ച തൂവാലയിൽ
ഞാൻ കണ്ട മഴവില്ലും,
നിന്റെ മിഴിയിരുളിൽ
തിളങ്ങുന്ന തീയും
നാം നമ്മുടേതെന്നു കരുതിയ നീലക്കോളാമ്പികളും, കരിയില- കുരുവികളും, കായാമ്പൂവിൽ നിന്നാകാശം കവർന്നെടുത്ത
കരൾ നീല ചുവപ്പും..
എത്ര വരച്ചിട്ടും തീരാത്ത
ചിത്രങ്ങളും, ഞാനീ പരവതാനി നിനക്ക്‌ സമ്മാനിക്കുന്ന നാളിൽ............
നീയുണ്ടാകുമെങ്കിൽ ഞാൻ
നിനക്ക്‌ പാടിത്തരാൻ പോകുന്ന പാട്ടിന്റെ വരികളും..

എത്ര എഴുതിയിട്ടും തീരുന്നില്ല
ഞാൻ നിനക്കായ്‌ സമ്മാനിക്കുവാൻ പോകുന്ന പരവതാനിയിലെ
പാട്ടിന്റെ വരികൾ..

Wednesday, 18 April 2018

ഏതോ കിനാവിൽ പൂത്തു നിൽക്കുന്ന
കടമ്പു മരത്തിൽ നിന്നാകാശം
നീലിമ കടം തേടി
വാക്കുകളിൽ നിന്ന് സന്ധ്യ മൗനം
കടം തേടി..
സന്ധ്യ തീർന്ന് പോകുമോ എന്ന് ഭയന്ന്
മിഴികൾ, പറഞ്ഞു തീർക്കാൻ കൊതിച്ച വാക്കുകൾ
മനസിൽ കവിതയായ്‌ കനലു കെട്ടി..

Friday, 30 March 2018

ഇൻസ്റ്റലേഷൻ

മനസിൽ ചിതറിക്കിടന്നവയിൽ നിന്ന്
ഏകാന്തത അടുക്കി വെച്ച വാക്കുകൾ..

Sunday, 25 March 2018

നിലാവു നെയ്യുന്ന ചിലന്തി
ഇരുളിൽ വിരിഞ്ഞ പൂക്കളിൽ
വെള്ളി വെളിച്ചത്തിന്റെ
വിഷം നിറയ്ക്കുന്നു..

ഞാനാ നിലാവ്‌ ശ്വസിച്ച്‌ നിന്നിൽ പ്രണയിതനാകുന്നു..

Friday, 2 February 2018

വേനലിൽ കാറ്റിനൊപ്പം വന്നത്‌
കാട്ടു തീ, മഴക്ക്‌ കഴിഞ്ഞ്‌
കാറ്റിനൊപ്പം വന്നത്‌
വസന്തം, കവിത, കാട്ടുതേൻ..

വലകൾ

കാറ്റിന്റെ കയ്യിൽ മഴനൂലെന്ന പോലെ
എന്റെ കവിതകൾ എങ്ങോ മാഞ്ഞു കൊണ്ടിരുന്നു,
എങ്കിലും കുരുവിയെ കുടുക്കാൻ എട്ടുകാലിയെന്ന പോലെ
ഞാനെന്റെ വലകൾ നെയ്ത്‌ കൊണ്ടേയിരുന്നു..

നിന്റെ ചുണ്ടുകളെക്കുറിച്ച്‌,
നിന്റെ കണ്ണുകളെക്കുറിച്ച്‌
പറഞ്ഞു തീരില്ലെന്നതിനാൽ
ഞാൻ നീലാകാശത്തെക്കുറിച്ച്‌
കവിതയെഴുതുന്നു...

Tuesday, 23 January 2018

അരുവിയുടെ ഓർമ്മകൾ..

വെയിലിന്റെ മണവും പേറി
മഴ കാത്തു കിടക്കുന്ന വെള്ളാരം കല്ലുകൾക്ക്‌ മുകളിൽ,
മനസിൽ മഴയില്ലാത്ത
മേഘങ്ങൾ കുട നിവർത്തി..
മഴയ്ക്കായുള്ള ദാഹം ശമിപ്പിക്കാൻ
നിഴലിനാകില്ലെന്ന തിരിച്ചറിവിന്‌
മേഘമേ നന്ദി, എന്ന് വെള്ളാരം
കല്ലിനുള്ളിലൊഴുകുന്ന അരുവിയുടെ
ഓർമ്മകൾ..

എരിച്ചു കളയാനാകാത്ത ചിറകുകൾ..

ആയിരം കുഞ്ഞു പൂക്കൾ തൻ
പുഞ്ചിരി ചൂടി കാറ്റു പോകും
വഴിയേ പോയാൽ,
കാണാം സന്ധ്യ ചുവപ്പിക്കാൻ പോകുന്ന കുന്നിൻ ചെരുവിലെ നനുത്ത പൂക്കൾ, നമ്മൾ നടക്കാത്ത
വഴികൾ, കാണാത്ത നൂറു ചിത്ര
ശലഭ ചിറകുകൾ..
കാറ്റിന്റെ വഴിയെ പോയാൽ കാണാം
നിറയെ ഉപേക്ഷിക്കപ്പെട്ട പ്രണയത്തിന്റെ മാലാഖ ചിറകുകൾ,
പ്രണയമെന്നും ചിറകു പോയ മാലാഖയായായിരുന്നല്ലോ
എരിഞ്ഞു തീർന്നിരുന്നത്‌..?

Sunday, 14 January 2018

നിലാവും നീയും ചേർന്നെഴുതിയ കവിതക്ക്‌ പേരാണ്‌ രാത്രി..
മകരമാസ മേഘം ചോർന്ന
മഞ്ഞിന്റെ മേലാപ്പ്‌ ചൂടുന്ന
രാവിന്റെ പേരാണ്‌ പ്രണയം..
നമുക്കായ്‌ സന്ധ്യയിട്ടിട്ടു പോയ
ചുവപ്പിനെ കവിളിൽ ചാർത്തി
നിൽപൂ ചെമ്പകം, മെല്ലെ
നീ എടുത്തു കൊൾക
ഇന്നത്തെ പകലിന്റെയും രാത്രിയുടെയും
കഥയാ ഇതളുകളിൽ ചുണ്ടിനാൽ
കുറിച്ചു വെക്കൂ നാളെയുള്ളവർ
വായിക്കട്ടെ..