Monday, 31 March 2014

കാമുകന്മാരുടെ ദിവസം

ഇനിയും ഒരേപ്രിൽ ഒന്ന് വരും
കാമുകന്മാരുടെ ദിവസം .....
എനിക്കൊരു ഹൃദയമുണ്ടെന്നു
നിനക്ക് തോന്നുന്നുവെങ്കിൽ
സംശയിച്ചോളൂ.. നീ വളരെ
അടുത്ത് നിന്നാണെന്നെ
നോക്കുന്നതെന്ന്...

പ്രണയം

എനിക്ക് നിന്റെ ഹൃദയത്തിലേക്ക്
നോക്കണമെന്ന് തോന്നി..
ആഭാസൻ! നീ പറഞ്ഞു...
വിദൂരതയിലേക്ക് മുഖം തിരിച്ചു ഞാൻ
തൊട്ടാവാടി, പിണങ്ങിയോ ?
കോപത്തോടെ ഞാൻ
നിന്നിലേക്ക്‌ തിരിഞ്ഞു...
നീ നിന്റെ തണുത്ത ചുണ്ടിനാൽ
എന്റെ ഹൃദയം തണുപ്പിച്ചു...
വിണ്ണിൽ നിന്നൊരു താരകും
വാർന്നു വീണു, നിന്റെ
കണ്ണിലിരുന്നെന്നെ
മോഹിപ്പിക്കുന്നു....
എന്നും വരുമോ അവളീ വഴി ?
ആദ്യമായ് ഞാനൊരു ഞായറിനെ ശപിച്ചു...
ഇന്നലെ കണ്ട പുഞ്ചിരി-
യിന്നു വന്നീല, എങ്കിലും
എന്റെ ബസ്‌ കൃത്യ
സമയത്തിനെത്തി....

ഡോക്ടർ

ഇടനിലക്കാരില്ലാതെ എനിക്ക്
നിന്റെ ഹൃദയത്തിന്റെ
ശബ്ദം കേൾക്കണം..
ഉറക്കമൊഴിച്ച് ഞാൻ കാത്തിരുന്ന
സ്വപ്നമായിരുന്നു നീ...

കാമുകി

എന്റെ കവിതകളുടെ അവകാശി...

Thursday, 27 March 2014

ചിറകു വച്ച പുഴുക്കളാണ് ശലഭങ്ങൾ
ചിറകു പോയ മാലാഖമാരാണ് മനുഷ്യർ..
എരിഞ്ഞു നീറാൻ തുടങ്ങിയപ്പോഴാണ്
എന്റെ ഹൃദയത്തിൽ നീ പടർത്തിയ
കാട്ടുതീ ഞാനറിയുന്നത്...
ഉരുകുന്ന ചൂടിൽ എനിക്ക്
വേണ്ടി തൂകിയ വിയർപ്പിന്റെ
പേരാണ് - അച്ഛൻ...
വീണ്ടും, വീണ്ടും ഒരേ
പാട്ട് പാടുന്നതും, ഒരേ
പേരു പറയുന്നതും
ഇഷ്ടക്കൂടുതൽ കൊണ്ടാണ്...
നീ ഹൃദയത്തിലും, കണ്ണിലും
സൂക്ഷിച്ച കലാപത്തെയാണ്
ഞാൻ പ്രണയിച്ചത് ...
കണിക്കൊന്നകൾ കാവൽ നിന്ന
സ്വപ്നത്തിന്റെ തണലിലാണ്
ആദ്യമായ്, നിന്റെ ചുണ്ടിലെ
തണുപ്പിൽ ഞാനെന്ന വേനൽ
വസന്തമായത് ....
ഞാൻ നീട്ടീ കുഞ്ഞുപൂ
നീ നിന്ന് പുഞ്ചിരിപ്പൂ
എന്റെ മുൻപിൽ രണ്ടു പൂ-
വൊന്നിൻ കവിളിൽ നുണക്കുഴിപ്പൂ..

Sunday, 16 March 2014

മറക്കുമോ ?

മറക്കുമോ നീ...
ഞാൻ പാടിയ പാട്ടുകളും, നിന്റെ
മുഖം ഏറ്റവും മനോഹരമായി
പ്രതിബിംബിച്ച കണ്ണുകളുടെ ആഴവും...
ആ മഴയും, ഒരു കുടയും
നിലാവ് പൊതിഞ്ഞ കിനാവുകളും
ശലഭങ്ങൾ പറന്ന പകലുകളും
നക്ഷത്രങ്ങളും, നക്ഷത്രങ്ങളോളം
സ്വപ്നങ്ങളും.....?
ഇരുളിൽ ഒരു ഒറ്റനക്ഷത്രമായ്‌ ഞാൻ
കാത്തിരിക്കുന്നു...നിന്റെ മിഴികളിൽ
പ്രതിബിംബിച്ച് ഇരട്ടിയാകുവാൻ....
നമുക്ക് ഈ ലോകം വീതിച്ചെടുക്കാം ..
എനിക്ക് ആകാശം, നിനക്ക് ഭൂമി
നിന്റെ ഭൂമിയിൽ കടലുകൾ ആർത്തലയ്ക്കും
എന്റെ ആകാശത്തിൽ കാറ്റുകളും..
എന്റെ ആകാശത്തിൽ വണ്ടുകളും
പറവകളും പാറി നടക്കും
എങ്കിലും അവയ്ക്ക് പറന്നിരിക്കാനും
തേൻ നുകരാനും, നിന്റെ ഭൂമിയിലെ
മരച്ചില്ലകളും, പൂന്തോപ്പുകളും വേണം...
പ്രണയത്തിന് സ്തോത്രമെഴുതിയ
കവിക്ക്‌, കരളിൽ നിന്നൊരു കാട്ടുപൂവ് ...
കാമിനിക്ക്, ഹൃദയത്തിൽ നിന്നൊരു ചുംബനം...

ഷെയർ

ഒരു മരംകൊത്തിയുടെ
ഹൃദയത്തിന്റെ താളം,
തെങ്ങ് ഷെയർ ചെയ്തു.....

Saturday, 15 March 2014

മുകളിൽ , എന്റെ ആകാശം
നിന്റെ നക്ഷത്രങ്ങൾ...
ഇരവിൽ എന്റെ നിദ്ര
നിന്റെ കിനാവുകൾ....
മുറിവിൽ ഇത്തിരി തേൻ പുരട്ടാമോ
പൂവേ , നിന്റെ മുള്ളു കൊണ്ടെന്റെ
ഹൃദയം മുറിഞ്ഞു...
നീ ഒരു കണ്ണാടിയായിരുന്നു ,
എന്റെ ഹൃദയത്തിലെ
പ്രണയിക്കു നേരെ പിടിച്ച
കണ്ണാടി...
നിന്റെ കണ്ണുകളിൽ ഞാൻ
പ്രതിബിംബിച്ചു കണ്ടത്
എന്റെ ഹൃദയത്തിനുള്ളിലെ
നിന്നെയായിരുന്നു...
അതിനാൽ എന്റെ കവിതയിൽ
മാലാഖയും, ശലഭങ്ങളും
ചിറകടിച്ചു...
അതിനാൽ എന്റെ ഹൃദയത്തിൽ
ചെന്തീ പോലെ സൂര്യൻ വിടർന്നു ..
നീ പ്രണയവും, പ്രണയത്തിന്റെ
പ്രതിബിംബവും ആയിരുന്നു...

ഉടമ്പടി

ഞാൻ മുഴുവനായ് നിനക്കും,
നീ മുഴുവനായ് എനിക്കും
സ്വന്തമാകുന്ന ഒരുടമ്പടിയിൽ
നമുക്ക് ചുണ്ടുകളാൽ ഒപ്പു വെക്കാം...
നീ ചെറുതാണെങ്കിലെന്താ ? നിന്റെ
ശത്രുവിന്റെ കണ്ണിലൊരു കരടും,
പ്രണയിനിയുടെ ഹൃദയത്തിലൊരു തുള്ളി
കുളിരുമാവാൻ കഴിയുന്നുണ്ടല്ലോ..?

തർജ്ജമ

നെരൂദ തന്റെ കാമുകിയോട് പറഞ്ഞു-
വസന്തം ചെറി മരങ്ങളോട്‌ ചെയ്യുന്നത്
എനിക്ക് നിന്നോടൊത്തു ചെയ്യണം...

കേരളവർമയിലൊരു കാമുകൻ
അവന്റെ ക്ടാവിനോടു പറഞ്ഞു-
നമുക്ക് ആ മരത്തിന്റെ
ചോട്ടിലിരുന്നു പുഷ്പിക്കാം...
എന്ത് കൊണ്ട് പ്രണയവും വിപ്ലവവും
ഏവർക്കും  സ്വീകാര്യമായിരിക്കുന്നു  ?
ഒറ്റച്ചിറകുമായ് പറക്കുന്ന ഒരു പക്ഷിയെയും
കണ്ടിട്ടില്ല ഞാനിതു വരെ...
നീ ഏകാന്തതയുടെ ഒരു ദ്വീപ്‌..
ഞാനോ,നിനക്കു ചുറ്റും കര തീർക്കാനായ്‌
വറ്റിപ്പോയൊരു കടൽ....
പേരറിയാത്ത രണ്ടാകാശ
ഗോളങ്ങൾ പോലെ നിന്റെ കണ്ണുകൾ
എന്നെ വെയിലു വറ്റിയ
ശൂന്യതയിലേക്ക് ക്ഷണിച്ചു.....

Friday, 7 March 2014

സോളമന്റെ കവിതകളിൽ നുരഞ്ഞ
മുന്തിരിനീര് ആകാശത്തിന്റെ
ചുണ്ടിൽ പകർന്ന് വിട വാങ്ങിയ
രക്തസൂര്യൻ ...
ആകാശത്തിന്റെ ചില്ലയിൽ പൂത്ത
നക്ഷത്രത്തിൽ  നിന്ന് നക്ഷത്രത്തിലേക്ക്
തേൻ കുടിച്ച്  ചിറക് വീശി പായുന്ന
മദിച്ച മേഘങ്ങൾ ...
സന്ധ്യക്കപ്പുറത്ത് നിന്നൊരു പകലിന്റെ
പൊൻവെയിലാൽ കവിളിൽ സ്വർണ്ണം
പൂശിയ ചന്ദ്രന്റെ ചുണ്ടിൽ നിന്നു
പരന്നൊഴുകിയ നിലാവിന്റെ
പുഞ്ചിരി ...
മനസ്സിൽ നിന്ന് ആഗ്രഹങ്ങൾ  ആകാശ-
ത്തേക്ക് പറന്നുയർന്നു
വിളിച്ചു കൂവുന്നു....
"നിന്റെ ചില്ലയിൽ വസന്തമാകണമെനിക്ക്....."

Thursday, 6 March 2014


മാർച്ച്‌ മാസം
നീലാകാശം
നീ വരാൻ താമസം
നരകം എന്റെ മാനസം..

മാലാഖ

സന്ധ്യയുടെ ശോണിമ, നിലാവിൽ
ലയിപ്പിച്ച നിറമാണ്‌ നിന്റെ ചുണ്ടുകൾക്ക് ..
നീ അരികിൽ വരുമ്പോൾ ഞാനൊരു
മാലാഖയുടെ ചിറകടി കേട്ടിരുന്നു എന്നും..
നിന്റെ പിന്നിലെ ഒരു കാവൽ മാലാഖ-
യാണതെന്നു ഞാൻ കരുതി...
എങ്കിലും നിഴലുകൾക്കിടയിൽ നീയൊരു
പൂർണ്ണ ചന്ദ്രനെപ്പോൽ നിന്ന രാത്രിയിൽ
നിലാവിനെയും സന്ധ്യയും ഒന്നിച്ചു
രുചിക്കാൻ ഞാൻ തുനിഞ്ഞപ്പോൾ
കുതറി മാറുന്ന നിന്റെ തോളിൽ
ഞാൻ കണ്ടു, പിടയുന്ന രണ്ടു ചില്ലുചിറകുകൾ...
എന്നോടു വിട ചൊല്ലാതെ പകലു പോയ്‌
അരളി പൂത്ത പോൽ വന്ന
തരള സന്ധ്യയും പോയെന്റെ
കരളിന്റെ നിറമാർന്ന രജനിയും പോയ്‌
ഞാനിന്നേകനായ്‌ വന്മരബോധിച്ചുവട്ടിൽ
എന്റെ ഹൃദയ ഘടികാരത്തിന്റെ
ശബ്ദത്തിന് കാതോർത്തു കിടന്നു...

Wednesday, 5 March 2014

നമ്മൾ ഒന്നിച്ചൊരേ സമയം
കണ്ട സ്വപ്നമായിരുന്നു പ്രണയം..
പക്ഷെ നീ ആദ്യം ഉറക്കമുണർന്നു...
എഴുതി, യെഴുതി, യെഴുതി നീയെന്റെ
ഹൃദയ പുസ്തകം നിറക്കുമോ ?
എഴുതി തീർന്നിട്ടവസാനം
ആ പുസ്തകം എരിക്കുമോ ?
കാറ്റിനെ പുണർന്നു കിടക്കണ-
മാകാശമെന്റെ കണ്ണിൽ രണ്ടു
നക്ഷത്രങ്ങളെ പതിച്ചു നല്കണ-
മിരുട്ടിനാൽ എന്റെ ഹൃദയത്തിൽ
നിന്റെ പേരെഴുതിച്ചേർക്കണം..

നീയും നിന്റെ പ്രണയവും

നീയും നിന്റെ പ്രണയവും
എനിക്ക് തന്നത് -
ഇടം കയ്യിലൊരു മുറിവും
ഇരുന്നൂറ് കവിതകളും
ഇരൂട്ടിന്റെ നിറമുള്ള
രണ്ടു തുള്ളി രക്തവും....