Thursday, 30 November 2017

മഞ്ഞിന്റെ നിശബ്ദത..

ജനാല ചില്ലുകളിൽ നിശബ്ദമായി തുള്ളികൾ
ചേർത്തു വെച്ചു കൊണ്ട്‌ മഞ്ഞ്‌
നിശബ്ദമായി അതിന്റെ സാന്നിധ്യം അറിയിച്ചു
വിളക്കുകൾ അണഞ്ഞും തെളിഞ്ഞും കൊണ്ടേ
ഇരുന്ന വഴികളിൽ നിന്നാർക്കോ
കാതോർക്കുന്ന മട്ടിൽ
ഇരുളും വിറങ്ങലിച്ചിരുന്നു
ചക്രങ്ങൾ ഉരുളുന്ന ശബ്ദം വേറെ ലോകത്തിൽ നിന്നു വന്നതെന്ന്
തോന്നിച്ചു..

നീണ്ട യാത്രകൾ, നീണ്ട രാത്രികൾ
നീണ്ടു പോകുന്ന നിശബ്ദത
പണ്ട്‌ തോർന്നു പോയ മഴയുടെ ഓർമ്മയിൽ
വേനൽക്കാല രാവ്‌ പിടഞ്ഞു,
എങ്കിലും നിദ്രയേക്കാൾ വേഗത്തിൽ ഒരു സ്വപ്നം
തോരാത്ത മഴയായി പെയ്ത്‌ കൊണ്ടേയിരുന്നു..
സ്വപ്നത്തിനൊപ്പമെത്താൻ നിദ്ര നിരങ്ങി, അതിനും പുറകേ മുടന്തിയോടിക്കൊണ്ടിരുന്നു ആഗ്രഹങ്ങൾ..
സ്വപ്നം കണ്ണു തുറക്കാതെ കണ്ടു, ശബ്ദമില്ലാതെ കേട്ടു, മഴയില്ലാതെ നനഞ്ഞു..
മഞ്ഞിന്റെ നിശബ്ദത ഏതോ പുസ്തകത്തിന്റെ താളിൽ നിന്ന്
ഇറങ്ങി വന്ന വാക്കായി ചുറ്റിലും തളം കെട്ടി നിന്നു..
മഞ്ഞിന്റെ നിശബ്ദത എന്റെയും നിന്റെയും സ്വരങ്ങൾ
ഉള്ളിലേന്തി
മഞ്ഞിന്റെ നിശബ്ദത എന്റെയും, നിന്റെയും രാത്രികളും, യാത്രകളും
നെഞ്ചിൽ പേറി..
മഞ്ഞിനു ശബ്ദമുണ്ടായിരുന്നില്ല, ശബ്ദമില്ലാത്തവനു നിശബ്ദതയേക്കാൾ വലുതായി ആയുധമെന്ത്‌..?

മഞ്ഞിന്റെ നിശബ്ദത മഞ്ഞിനോളം മൂർച്ചയുള്ളതാറ്റിരുന്നു,
മഞ്ഞിന്റെ നിശബ്ദത മഞ്ഞിനേക്കാൾ തണുത്തതായിരുന്നു..
മഞ്ഞിന്റെ നിശബ്ദത കവിത പോലെ അവസാനിക്കാത്തതായിരുന്നു..

മഞ്ഞിന്റെ നിശബ്ദത..........

Thursday, 26 October 2017

നക്ഷത്രധൂളികളാൽ നിന്നെയെഴുതിയപ്പോൾ
കണ്ണിലിറ്റിച്ചിരുന്നോ
തമോഗർത്തത്തിൻ
രണ്ടു തുള്ളികൾ..

Thursday, 21 September 2017

തീ

നീയിട്ടിട്ട്‌ പോയതിലെല്ലാം
തീയിട്ടിട്ട്‌ പോകുന്നു കാലം..

Tuesday, 19 September 2017

വാക്കിനോടും വരയോടും പറഞ്ഞു,
വെടി വെച്ച്‌ കൊല്ലും..
വാക്ക്‌ തിരികെ പറഞ്ഞു,
വെടി വെച്ചു കൊല്ലും..
വര നെറ്റിയിലേക്കൊരു നിറ
തോക്കു ചൂണ്ടി...
മുഖം വികൃതമായതിന്‌ കണ്ണാടിയോട്‌
കലഹിച്ചിട്ടെന്ത്‌..??

ഞാൻ സംഘിയാണെന്നതിന്‌ തെളിവുണ്ടോ..?

ഗാന്ധിയെ കൊന്നത്‌ സംഘിയാണെന്ന്
പറഞ്ഞാൽ കേസ്‌ കൊടുക്കും,
ബാബറി പൊളിച്ചത്‌ സംഘിയാണെന്ന്
പറഞ്ഞാൽ കേസ്‌ കൊടുക്കും,
ധാബോൽക്കർ, കൽബുർഗി,
പൻസാരെ, ഗൗരീ ലങ്കേഷ്‌
ഇവരെയെല്ലാം കൊന്നത്‌ സംഘിയാ
ണെന്നതിന്‌ തെളിവെവിടെ..?
വർഗ്ഗീയ കലാപം നടത്തിയതിന്‌
വെറുതെ വിട്ട മോദിജിയുടെ
പേരിൽ കലാപക്കറ ആരോപിക്കരുത്‌.
സംഘപരിവാറിനെ വിമർശിച്ചവരെ കോൺഗ്രസ്‌
കൊല്ലുമെന്ന് പറഞ്ഞതിന്‌ മാതൃ തുല്യയായ
ശശികല ടീച്ചർക്കെതിരെ കേസോ..??
മോദിയെ വർഗ്ഗീയവാദിയെന്ന് വിളിച്ചാൽ കേസ്‌ കൊടുക്കും,
ശശികല ടീച്ചറെ വിഷകലയെന്ന്
വിളിച്ചാൽ കേസ്‌ കൊടുക്കും..
മാതൃഭൂമിയെ ജന്മഭൂമിയെന്ന് വിളിച്ചാൽ
കേസ്‌ കൊടുക്കും..

എന്നെ സംഘിയെന്നോ..?? നിനക്കെതിരെയും കേസ്‌ കൊടുക്കും..

Sunday, 17 September 2017

വസന്തം വയൽ പൂക്കളോട്‌ ചെയ്യുന്നത്‌..

നീലാമ്പലുകൾ നിദ്രയിലോട്ടിറങ്ങുന്ന
പുലരിയിൽ നനുത്ത കവിളിൽ പതിപ്പിച്ച
തുഷാര ബിന്ദുവിൽ നൂറു സൂര്യന്മാരെ
കോർത്തു വെക്കുന്നു..
ആകാശത്തുമ്പിൽ നിന്നൊടിച്ചെടുത്ത
മഴവില്ലിൻ പൊടിയെ ഉപ്പു വിതറും പോൽ
നനുത്ത തുള്ളികളിൽ തടവിലാക്കുന്നു
ഇളം സൂര്യൻ കവിളിൽ പതിക്കുമ്പോൾ
കാറ്റിന്റെ നനുത്ത ശ്വാസത്താൽ തഴുകിയുണർത്തുന്നു..
വരമ്പിലെ വയലറ്റു വരികളിൽ വെള്ളി സ്വർണ്ണ നാരുകളാൽ വെയിൽ വല നെയ്യുന്നു..
തെളിഞ്ഞ മാനത്ത്‌ വെള്ളിമേഘങ്ങൾക്കിടയിൽ
വയൽപൂവേ നിനക്കായ്‌ കണ്ണാടി നീർത്തുന്നു..
മണ്ണിന്റെ മണം, പക്ഷികൾ കൊഴിച്ചിട്ട്‌ പോയ തൂവലുകൾ,
പൊന്മാൻ കുഞ്ഞിന്റെ തിളക്കം, നിനക്കായ്‌ എല്ലാം കാത്തു വെക്കുന്നു..
ഉരുകിയ ചെമ്പിന്റെ ശോഭയിൽ നിനക്കായ്‌ ഹൃദയ രക്തത്താൽ സന്ധ്യയൊരുക്കുന്നു,
ആകാശത്തൊരായിരം മാനത്ത്‌ കണ്ണികൾ നിന്നെ നോക്കും പോൽ
ഇരുളിന്റെ പൊയ്കയൊരുക്കുന്നു..
നാളെ നല്ലൊരു കഥ പറയാൻ നിന്നെയിന്നൊരു സ്വപ്നത്തിലേക്ക്‌ ഉറക്കിയൊഴുക്കുന്നു..

വസന്തം വയൽ പൂക്കളോട്‌ ചെയ്യുന്നത്‌
എനിക്ക്‌ നിന്നോടൊത്ത്‌ ചെയ്യണം..

Saturday, 16 September 2017

മരിച്ചവരുടെ വാക്ക്‌

നിങ്ങൾ തല്ലിയുടച്ച ഘടികാരത്തിൻ
ശബ്ദം നിലച്ച്‌ പോയാലും
സമയം നിലച്ച്‌ പോകില്ല..
ചരിത്ര പുസ്തകത്തിൽ നിന്നും
കീറിയെറിഞ്ഞ കടലാസ്‌ കഷണങ്ങളോടൊപ്പം
ചരിത്രം കാറ്റിൽ പറന്നു പോകും
എന്ന് കരുതിയോ..?
വെടിയുണ്ടകൾ പായിച്ചോളൂ,
വാക്കിൻ മൂർച്ചയേറെയെന്നറിയാതെ..

സൂക്ഷിച്ചോളൂ..! ശബ്ദവും, ചരിത്രവും,
വാക്കുകളും നിങ്ങളെ തേടി വരും..

Thursday, 25 May 2017

അവസാനിക്കാത്ത ഭ്രാന്തുകൾ
മഴക്കാലം പോലെ
പ്രതീക്ഷിതമായ്‌ വന്ന് ആർത്തലക്കുന്നു..

ചെന്തീയിൽ വേനൽ സൂര്യനെ ഞങ്ങടെ വേർപ്പിലുരുക്കി
സന്ധ്യയിലാക്കി കടലിലെറിഞ്ഞിട്ടീ
പാടത്തിൻ തോട്ടു വരമ്പേൽ
കിളിയേ ആട്ടി, എലിയേ ഓട്ടിച്ചിരവിൻ
മാറിൽ തീയിട്ടുള്ളിലെ തീയിൽ നിന്നും,
ഉള്ളിലെ തീയിൽ നിന്നും നാടൻ പാട്ടുകൾ പാടി
ചോടുകൾ വെച്ചീ ഭൂമി മെതിച്ചു
കുതിച്ചവർ ഞങ്ങൾ..

ആദിയിലുരിളിൽ നിന്നും ഭൂമി കുലുക്കി പാഞ്ഞ്‌ നടന്നൊരു
പോത്തിൻ പുറമേറീ വയലുകളു
ഴുതു മറിച്ചൂ മണ്ണിൻ അറയിൽ നിന്നും
പൊന്നിൻ നെല്ലു കവർന്നീ
നാടിനു വീതം വെച്ച്‌ കൊടുത്തവർ ഞങ്ങൾ..

നിഷേധി

ഒരിക്കലും വിടരാത്ത പൂമൊട്ടുകൾ തിരഞ്ഞ്‌
കുന്നിൻ നിറുകയിലോട്ടൊരു യാത്ര..
കാലത്തിന്റെ ചിറകിൽ നിന്നടർന്ന് വീണ
സമയത്തിന്റെ തൂവലുകൾ പെറുക്കിയൊരു
കുന്നു കയറ്റം..

വിടരുവാനാവില്ലെങ്കിലും സന്ധ്യ ചെഞ്ചായം വിരിയിച്ച്‌
ഇരുളിലേക്ക്‌ മയങ്ങി വീഴുന്നു..
രാത്രിയിൽ വിരിയുന്നവ വെളുത്ത
പൂക്കളാണെന്ന് പുഞ്ചിരിച്ച്‌
ചന്ദ്രൻ ഉദയമെത്തിക്കുന്നു..
കൊഴിഞ്ഞ്‌ കൊഴിഞ്ഞ്‌ വെളിച്ചത്തിലേക്ക്‌ വീഴുന്നു

മൊട്ടിൽ നിന്ന് പൂവിലേക്കോ നമ്മൾ
മണ്ണിൽ നിന്ന് ആകാശത്തേക്കോ..
ആകാശത്തിൽ നിന്ന് മണ്ണിലേക്കെന്ന്
പ്രകൃതി നിയമം..
അതിനാൽ പൂവിൽ നിന്ന് മൊട്ടിലേക്കാകണമല്ലോ..

പ്രകൃതി നിയമത്തിനെതിരേ പൂ
വിരിയിച്ചു കൊണ്ടൊരു മുല്ല..
കുന്നിൽ നിന്ന് താഴേക്കല്ലാതെ
കുന്നിൻ മുകളിലേക്ക്‌
നിഷേധിയായൊരു മനുഷ്യൻ..

Wednesday, 3 May 2017

ഏപ്രിലിന്റെ വിരലുകൾ ഹൃദയത്തിൽ
ആഴ്‌ന്നിറങ്ങുന്നു..
ആയിരം പൊന്മാനുകൾ തലച്ചോറിൽ
നിന്ന് ചിറകടിച്ചുയരുന്നു..
നിറങ്ങൾ നിറങ്ങളിൽ നിന്നും
പറന്നുയരുന്നു...
ഏപ്രിൽ നീയൊരു ഭ്രാന്തൻ മാസം..

Sunday, 12 February 2017

മഴ മഞ്ചാടി മരങ്ങളെ വല്ലാതെ
വേദനിപ്പിച്ചിരുന്നുവെന്ന് തോന്നുന്നു..
പെയ്ത്‌ വീണ തുള്ളികൾക്കെന്തൊരു ചുവപ്പ്‌..

Wednesday, 11 January 2017

ഇനിയുമെഴുതാത്ത കവിതകൾക്കായി ആകാശം ബാക്കി ഇട്ടിരിക്കുന്നു..
ഇനിയും ഉയരാത്ത മുഷ്ടികൾക്കായി
ഒരു ജനത പ്രതീക്ഷകൾ ഒഴിച്ചിട്ടിരിക്കുന്നു..