Tuesday, 22 October 2013

My ever favourite..

ചെമ്പകമരത്തിന്റെ ചില്ലയിൽ
നിന്നുണർന്ന സുഗന്ധത്തിന്റെ
ഒരിതളാണ്‌ നീ...
നക്ഷത്രത്തിന്റെ കണ്ണിൽ
നിന്നടർന്ന് വീണ
നിലാവിന്റെ തുള്ളിയിലെ
തണുപ്പാണു നീ
മേഘമലയിലെ ചുര-
മിറങ്ങി വരുന്ന ചന്ദ്രന്റെ
കണ്ണിലെ ചുവപ്പാണു നീ..
സ്വർഗ്ഗത്തേക്കാൾ മനോഹരമായ
ഒരു നരകവും കൊണ്ട്‌
ഭൂമിയിൽ വന്ന ഒരു
മാലാഖക്കുഞ്ഞാണ്‌ നീ..

നിന്റെ വിരലിൽ വിരൽ ചേർത്തു ചിറകില്ലാതെ പറന്നു ഞാൻ..
നിന്റെ കുടയിൽ നിന്നിട്ടും ഹൃദയം പോലും നനഞ്ഞു..
ജീവന്റെ ശ്വാസത്തിലും ഉടൽ ഇല്ലാതെ പറന്നു ഞാൻ..
നിന്റെ മൗനമാകുന്ന നരകത്തിൽ എന്നെ എണ്ണയില്ലാതെ പൊരിച്ചു ചെകുത്താൻ...

Sunday, 20 October 2013

നിന്റെ മുന്നിൽ നിൽക്കുമ്പോഴാണു
എന്റെ കണ്ണുകളിൽപുല്ലും പൂമ്പാറ്റയും,
പൂമ്പാറ്റയിൽ നിന്നു മഴവില്ലും,
മഴവില്ലിനു ചുറ്റും ആകാശവും ഉണ്ടാകുന്നത്‌..

നിന്നെ കുറിച്ച്‌ ആലോചികുമ്പോഴാണു എന്റെ സ്വപ്നങ്ങളിൽ
പൂവും, പൂന്തേനും, ആയിരം വസന്തങ്ങളൂം, തേൻ കുടിച്ച്‌
മദിച്ച്‌ പാടുന്ന ചിറകു വെച്ച കവിതയും ഉണ്ടാകുന്നത്‌..
നിന്നെ പിരിഞ്ഞിരിക്കുമ്പോഴാണു എന്റെ രാത്രികളിൽ
ഇടിമിന്നലിന്റെ വൈദ്യുതിയും ചെകുത്താന്റെ
ചുവന്ന കണ്ണിലെ അഗ്നിയും എരിഞ്ഞു നീറുന്നത്‌...
നക്ഷത്രമേ മഞ്ഞിൻ തുള്ളിയിൽ ഈറനായി
നിലാവിന്റെ നൂലിഴയിലൂടെ ഒഴുകിയിറങ്ങൂ..
നാളെ പുലരിയിൽ പുൽക്കൊടിതുമ്പിന്റെ
നിറുകയിലിരുന്നു സൂര്യനെ മയക്കുന്ന പുഞ്ചിരി തൂകാൻ..

Friday, 18 October 2013

മൗനം പാടുന്ന വഴിത്താരയിൽ
കാറ്റ്‌ തൂങ്ങി മരിച്ച
മരച്ചില്ലകൾക്കു കീഴിൽ,
വിതുമ്പലടക്കുന്ന കാലടി
ശബ്ദങ്ങൾക്ക്‌ മുകളിലൂടെ
ഞാൻ നടന്നു...
അന്നൊരു അരുവിക്കരയിൽ
എന്റെ കയ്യിൽ ചേർത്ത നിൻ
വിരൽത്തുമ്പ്‌ പോലെ
ഘനീഭവിച്ച ഹൃദയം..
അന്നു നനുത്ത മുടിയിലൂർന്ന
നീർത്തുള്ളി ഇന്നു കാൽ
വിരലിനെ ഉപ്പു രുചിപ്പിക്കുന്നു..

ഞാൻ വീഴുകയാണ്‌ ആകാശത്തിന്റെ
അനന്തതയിലേക്ക്‌...
ഞാൻ മടങ്ങുകയാണ്‌ കടലിന്റെ
അഗാധതയിലേക്ക്‌..

വിട തരൂ, ഇനി വേണ്ട മിഴിനീർ..
മൗനത്തിന്റെ സ്വന്തമായ ചുണ്ടുകൾ
ശബ്ദം തേടി പോകേണ്ട..
ഇനി ഞാൻ പോകുന്നു, എന്റേതു
മാത്രമായ നിന്റെ ഓർമ്മകളും കൊണ്ട്‌...

ആകാശത്തിന്റെ ആത്മഹത്യാ മുനമ്പിൽ നിന്നു
ഈ മഴത്തുള്ളികൾ എന്തിനാണു വീണു മരിക്കുന്നത്‌ ??
അപ്രാപ്യമായ ഒരു നക്ഷത്രത്തെ എത്തിപ്പിടിക്കാൻ,
മേഘത്തിന്റെ ചിറകിൽ തൂങ്ങിയുള്ള യാത്രയിൽ,
പ്രതീക്ഷയുടെ മുകളിൽ വിഷാദത്തിന്റെ കനത്ത മഞ്ഞു വീണു,
ഹൃദയ ഭാരത്താൽ കനം തൂങ്ങി വീണു പോകുന്നതാകാം..

Thursday, 17 October 2013

നിന്റെ കണ്ണിലെ മിന്നലിൽ, എന്റെ
ഹൃദയത്തിലെ പ്രണയത്തിന്റെ
വിത്തുകൾ മുള പൊട്ടുന്നു..
നിന്റെ പുഞ്ചിരിയുടെ മഴയിൽ
അത്‌ തഴച്ചു വളരുന്നു...

ഇനിയും വിരിയാത്ത
മൊട്ടുകൾ മനോഹരം.,
വരാനിരിക്കുന്ന വസന്തവും...

ദാഹം..

മഴക്കാറിന്റെ കാടുകളിൽ നിന്ന് മരുയാത്ര പോകുന്നവന്റെ പ്രണയത്തിനു ദാഹമെന്നാണ്‌ പേര്‌..

Wednesday, 16 October 2013

രാവിൽ, ഉറങ്ങിയ പൂവിനു
കാവലിരുന്ന് ശലഭം
തണുത്തുറഞ്ഞ്‌ മരിച്ചു..

ചുണ്ടിൽ ഇത്തിരി പൂമ്പൊടിയും,
ഉള്ളിൽ ഇത്തിരി പൂന്തേനും,
ചിറകിൽ താൻ കണ്ട സ്വപ്നത്തിന്റെ വർണങ്ങളും അവൻ ബാക്കി വെച്ചു..

Monday, 14 October 2013

ഈ ലോകത്തോട്‌ മുഴുവൻ
പോരാടാൻ മനസ്സിൽ
സൂക്ഷിച്ച വെടിമരുന്ന്
രണ്ടു തുള്ളി കണ്ണുനീരിനാൽ
നീ നനച്ചു കളഞ്ഞില്ലേ..??

Friday, 11 October 2013

നന്ദി..

സൂര്യനെ പൊതിയാൻ
ഇരുളിന്റെ തുണിക്കീറു
തന്ന നിശാദേവതേ
നിനക്കു നന്ദി
ഇരുളിന്റെ പുതപ്പിൽ
നക്ഷത്രങ്ങളെ തുന്നി
വച്ച മാലാഖമാരേ
നിങ്ങൾക്ക്‌ നന്ദി
ഉറങ്ങാൻ കൺപീലി
ക്കടിയിൽ നിശബ്ദതയുടെ
താരാട്ടു മൂളും നിദ്രാ
ദേവതേ നിനക്കും നന്ദി..

എഴുതി വെക്കാം നിലാവിന്റെ
തൂവലിൽ മുക്കി നിന്റെ
ഹൃദയത്തിലും ഒരു
നന്ദി വാക്ക്‌, ആമ്പൽ
പൂവേ ഈ ചന്ദ്രൻ
മറ്റൊരു സൂര്യന്‌
വഴി മാറും വരേക്കെങ്കിലും..

Thursday, 10 October 2013

ഒരു കുമ്പിൾ നിലാവ്‌ തൂവ ട്ടെ
നിൻ കവിളിലെ പിണക്കത്തിൻ
കുങ്കുമ രേണുക്കൾ മായ്ക്കുവാൻ,
എന്നെ ഞാൻ പകരം നൽക ട്ടെ
നിൻ ചുണ്ടിലെ പുഞ്ചിരി വാങ്ങുവാൻ..

നിന്റെ കിനാവിൽ ഒരു ശലഭ ത്തോളം
ആയുസ്സെനിക്ക്‌ തരിക
നിന്റെ നുണക്കുഴിയിൽ ഒരു
മുത്തത്തോളം ആയുസ്സെനിക്ക്‌ തരിക
നിന്റെ ഹൃദയത്തിൽ ഒരു മിടിപ്പോളം
ആയുസ്സെനിക്ക്‌ തരിക..
നിന്റെ ചുണ്ടിൽ ഒരു തുള്ളി രക്ത-
ത്തോളം ആയുസ്സെനിക്ക്‌ തരിക..

വരണ്ട ആകാശത്തിനു കീഴിൽ വന്നു
ഇരുണ്ട മേഘമ്േ‍ നീ തന്നു പോകുക
ഇത്തിരി തണുപ്പും, ഒരു കവിൾ
കഞ്ചാവു പുകയ്ോളം സമാധാനവും..

Wednesday, 9 October 2013

നിന്റെ ചുണ്ടിൽ നിന്നു വിരിഞ്ഞു
വീഴുന്ന പുഞ്ചിരിയോരോന്നും
എന്റെ ഹൃദയത്തിൽ നക്ഷത്ര-
ക്കുഞ്ഞുങ്ങളായി പുനർജ്ജനിക്കുന്നു.
എന്റെ ആകാശം നക്ഷത്രങ്ങളാൽ
നിറച്ചവ ളേ നിന്റെ ഹൃദയാകാശം
എനിക്ക്‌ തരാമോ ? എന്റെ
നക്ഷത്രങ്ങളെ സൂക്ഷിക്കുവാൻ..

Sunday, 6 October 2013

മഴ മാറിയൊരു മാനം മനം നിറക്കും
കണ്ണു നീരു കരഞ്ഞു തീർത്ത
വെള്ളി മേഘങ്ങൾ മാനത്ത്‌
മാലാഖച്ചിറകു വരയ്ക്കും..
ഇന്നലെ സൂര്യൻ കടലിൽ മുങ്ങി
മരിച്ചിട്ടില്ല, പ്രതീക്ഷയുടെ കാറ്റിൽ
കരയ്ക്കു കയറി വന്ന് ആകാശത്തിന്റെ
ഇരുണ്ട കവിളിൽ നുള്ളി ചുവപ്പിക്കും..
പിന്നെ പറയും, നിന്നെ പിരിയുമ്പോഴാണു
'പ്രണയം' ഞാനറിയുന്നത്‌..
രാത്രിയിൽ ഞാനറിയുന്ന
ആ പ്രണയമാണ്‌/ വിരഹമാണ്‌
പകലിൽ എന്നെ ആളിക്കത്തിക്കുന്നത്‌...

Saturday, 5 October 2013

എന്റെ ഹൃദയത്തിന്റെ ഇരുളു
തേടി വന്നണഞ്ഞ, ചിറകു വച്ച
വാൽ നക്ഷത്രമാണു നീ..
അതിനാലാണു  നിന്നെ ഞാൻ
മിന്നാ മിനുങ്ങെന്നു വിളിച്ചത്‌...

തല ച്ചോറിൽ ചില്ലു പോലെ
തറഞ്ഞു കയറുന്നു, പാല-
പ്പൂവിന്റെ ഗന്ധം..
ഹൃദയത്തിൽ ആലിപ്പഴം പോലെ
വീണു ചിതറുന്നു, മകര
മഞ്ഞിന്റെ കുളിര്‌..
സ്വപ്നത്തിൽ ആരോ
പൂവാക പിടിച്ചുലയ്ക്കുന്ന സുഖം
നിന്റെ മുഖം മനസ്സിലോർക്കുമ്പോൾ..

ഇനി മറക്കാം.. ഈ വഴികളും,
മഴത്തുള്ളി വീണു മാഞ്ഞു പോയ
ഇല ഞരമ്പുകളും, കാൽപാടുകളും..
ഇവിടെ കളഞ്ഞിട്ടു പോകാം
ഓർമകൾ വീണു ചിതറിയ
ഹൃദയവും....

Friday, 4 October 2013

ചന്ദ്രൻ കട്ടു തിന്ന പഞ്ചാരത്തരികൾ
ആകാശത്തിൽ ചിതറിത്തിളങ്ങുന്നു,
നിലാവിനു, നിന്റെ പുഞ്ചിരി പോലെ
മധുരം എന്തെന്ന് എന്നെ മനസ്സിലാക്കിക്കൊണ്ട്‌...

Thursday, 3 October 2013

നിശാദേവത

നിശാ ദേവ തേ ഇരുളാം നിൻ
ഈറൻ മുടിക്കിടയിലും
ഞാൻ വിയർക്കുന്നു.
എന്റെ ദാഹം പൂത്തു കിനാവിന്റെ
വള്ളികളായി നിന്നിൽ പടരുന്നു.
നിന്റെ നെഞ്ചിലെ നിലാവ്‌ ചുരത്താൻ
ചുണ്ടിലില്ല ഒരു പാട്ടും, കണ്ണിലോ
കരളിലെരിയുന്ന കനലിന്റെ കെടാറായ ഒരു തുണ്ടു മാത്രം..
നിന്റെ മുടിയിൽ അണിഞ്ഞ
നക്ഷത്ര വൈഡൂര്യം
മേഘം കവർന്നുവോ ?
എന്റെ നെഞ്ചിലെ കനൽതരാം
മൂക്കുത്തിയിൽ പവിഴമാക്കുവാൻ.

Tuesday, 1 October 2013

ദൂരെ മലയിലെ
തീ പോൽ എരിയുന്ന
നിൻ കൃഷ്ണമണികളിലേക്ക്‌
നോക്കുമ്പോൾ
എന്റെ മനസ്സിനു
വിയർക്കുന്നു...

നിന്നെ നീ തിരികെ നല്കില്ലെന്നറിയാം
എങ്കിലും തന്നിട്ട്  പോകൂ
എന്റെ ഉറക്കവും, കിനാവുകളും .....