Wednesday, 30 December 2015

ചുവന്ന പൂക്കൾ

കാട്‌ പൂത്തു, കാട്ടരുവി പൂത്തു
മലയിലൊരു മഴവില്ല് പൂത്തു..
മാനം പൂത്തു, മേഘം പെയ്തു
മഴയിലൊരു പാട്ടരുവി പൂത്തു..
മണ്ണ്‌ ചോന്നു, മഴവെള്ളം ചോന്നു
പുഴയിലാകെ പുലരി പൂത്തു,
സന്ധ്യ പൂക്കാൻ, കടലിന്റെ കരളു  ചോക്കാൻ, സൂര്യനിന്ന് മുങ്ങി മരിച്ചു..

കവിത

വേനലിൽ നിറഞ്ഞൊഴുകിയ അരുവി
മഴയുടെ തണുപ്പിൽ വറ്റി വരണ്ടു..

Friday, 18 December 2015

മന്ത്രവാദി

ഈ ലോകത്തിൽ നിന്ന് നിന്നെ ഒരു
നാരങ്ങയല്ലി പോലെ അടർത്തിയെടുത്തു,
അരുവിയിൽ നിന്ന് ആകാശത്തേക്കും,
ചിന്തയിൽ നിന്ന് സ്വപ്നത്തിലേക്കും
നീ ഉയർത്തപ്പെട്ടു..
പ്രണയം ഒരു ധ്യാനമാണ്‌
ചിറകുകളെ പൊഴിച്ച്‌ കളഞ്ഞ്‌
പറക്കാൻ പ്രാപ്തമാക്കുന്ന ഒന്ന്..
നീ കാണാത്ത നിറങ്ങളും, ശലഭങ്ങളും
നീ കേൾക്കാത്ത പാട്ടുകളും
കാലമില്ലാത്ത കഥകളും..
ഒരരുവിയിൽ നിന്ന് മഴവില്ലിലേക്കും , മഴവില്ലിൽ നിന്ന് അരുവിയിലേക്കുമുള്ള
അന്തമില്ലാത്ത ഒന്ന്..

എന്നോ കാലത്തിന്റെ തിര വന്നു
കാൽ നനച്ചപ്പോൾ നീ ഉണർന്നു..
മരുഭൂമി കത്തുന്ന കണ്ണുകളും
മഞ്ഞുറഞ്ഞ സ്വരവും പറഞ്ഞു
പ്രണയം വെറും മന്ത്രവാദമാണ്‌,
മറവി കൊണ്ട്‌ നിർമ്മിച്ച മരുപ്പച്ച,
നിദ്ര കൊണ്ട്‌ മുളപ്പിച്ച സ്വപ്നം..
സ്വപ്നങ്ങളുടെ ഭാണ്ഠവുമായി
സ്വപ്നത്തിൽ വന്നു പോകുന്ന
മന്ത്രവാദിയുടെ മറന്നു പോയ വരികൾ..

Tuesday, 15 December 2015

എന്റെ പൂർവ്വികൻ..

കടലിൽ നിന്ന് ഉപ്പും വിയർപ്പും ഇവിടെ
മുളപ്പിച്ചത്‌ എന്റെ പൂർവ്വികരാണ്‌
അവർ വെയിൽ അറിഞ്ഞതിനാൽ
തണൽ നട്ടു, മഴയെ പ്രണയിച്ച്‌
വിശപ്പിനെ മറന്നു..

എന്റെ പൂർവ്വികർ ഒരു പുരോഹിതന്റെയും
സഹായമില്ലാതെ ഭൂമിയുടെ
ആത്മാവിനെ ഉഴുതു മറിച്ചു..
അവർ സ്വർഗ്ഗ നരകങ്ങളറിയാതെ
ആകാശത്തിനു കീഴിലുറങ്ങി..
അവർ നക്ഷത്രങ്ങളെയും ഞാറ്റു-
വേലകളെയും കണ്ടു, എങ്കിലും
അവർക്കു വേണ്ടി നെല്ല് പൂത്തില്ല
അവർ ഒന്നിനും ഉടമകളായില്ല
അവർ ഒന്നിനും ഉടമകളായില്ല, ഞങ്ങളും..

എന്റെ പൂർവ്വികർ , ആണും പെണ്ണും
കൈതപ്പൂ മണത്തു..
എന്റെ പൂർവ്വികർ , ആണും പെണ്ണും
കാട്ടു തേനും, കവിതയും
ചുണ്ടിനാൽ പങ്കു വെച്ചു..
അവർ കണ്ണുകളിൽ രാത്രിയെഴുതി,
അവർ കണ്ണുകളിൽ നക്ഷത്രങ്ങളെഴുതി
അവർ നക്ഷത്രങ്ങളെ പോൽ
ചിതറിയവരായിരുന്നു,
അവർ നക്ഷത്രങ്ങളെ പോൽ
ചിതറിയവരായിരുന്നു, ഞങ്ങളും..

എന്റെ പൂർവ്വികരുടെ തമ്പേറിന്റെ
ശബ്ദത്തിൽ കാട്ടാന വിരണ്ടു,
അവന്റെ നെഞ്ചിന്റെ വീര്യം, അണ-
മുറിഞ്ഞ വെള്ളത്തെയും തടഞ്ഞു..

എന്റെ പൂർവ്വികൻ നിങ്ങളുടെ
പൂർവ്വികനായിരുന്നില്ല..
എന്നാൽ അവന്റെ പൂർവ്വികൻ
നിന്റേയും പൂർവ്വികനായിരുന്നു...

Monday, 14 December 2015

കാറ്റിനോട്‌ പറയണം..

കാറ്റിനോട്‌ പറയണം, ഞാൻ ഇവിടെ ഉണ്ടായിരുന്നില്ലെന്ന്,
ഈ ചെമ്പക മണം കട്ടെടുത്തില്ലെന്ന്..
ഇനിയും വരാത്ത കാറ്റിനോട്‌ പറയണം
ഞാനിവിടെ കാത്തിരുന്നില്ലെന്ന്..
കാറ്റിനോട്‌ പറയണം കാത്തിരിപ്പ്‌
ഒരിക്കലും മരിക്കാത്ത പ്രതീക്ഷയുടെ
ജനനമാണെന്ന്..
കാറ്റിനോട്‌ പറയണം, എല്ലാ കടലും
ഒരിക്കലും എത്തിച്ചേരാത്ത ഒരു
മരുനദിയെ കാത്തിരിക്കുന്നുണ്ടെന്ന്..
കാറ്റിനോട്‌ പറയണം, നീ കാണാനും
കാത്തിരിക്കാനും പറ്റാത്ത വെറുമൊരു
സ്വപ്നം മാത്രമെന്ന്...

നക്ഷത്രങ്ങളും ഉറങ്ങാൻ പോയി..
ഞാൻ മാത്രം ബാക്കി..

എങ്ങോട്ടെന്നറിയാതെ അരുവിയോടൊപ്പം
ഒഴുകി നാം വെള്ളച്ചാട്ടത്തിൽ
മഴവില്ലിലെ വയലറ്റും, ചുവപ്പുമായ്‌
വീണു ചിതറി..

ഇന്നലെയും ഇന്നും നീയുണ്ടായിരുന്നു
എങ്കിലും ഒരു പക്ഷെ നാളെ എന്നത്‌ നക്ഷത്രങ്ങളും
ഞാനും മാത്രമുള്ളൊരു
രാത്രിയായിരിക്കാം..
വസന്തം സമ്മതം ചോദിക്കാതെ
വന്നു കയറുന്നു എന്ന പോലെ തന്നെ
വിട പറയാതെ പോകുകയും ചെയ്യുന്നു..
എങ്കിലും കാറ്റൊന്ന് നനുത്തു വീശുന്നു
അവസാനത്തെ തഴുകൽ ഏറ്റവും
ശീതളമാക്കുവാൻ....

Tuesday, 8 December 2015

കുട കാത്തിരിക്കുന്നു ഒരു മഴക്കാലത്തെ...

Monday, 7 December 2015

ഇനി പെയ്യുകയേ ഇല്ലെന്ന്
പിണങ്ങി പോയ മഴ
കഴുത്തോളം വെള്ളമായ്‌
വന്നു ചുംബിച്ചു...

നീട്ടിയെറിഞ്ഞ്‌ വരുന്നുണ്ട്‌ മഴ
നക്ഷത്രങ്ങളോളം വിത്തുകൾ..

നരകത്തീ തിളങ്ങുന്ന കണ്ണുകളുമായ്‌ വന്ന
നക്ഷത്രം ചൊരിഞ്ഞത്‌ നിറയെ മഞ്ഞു കണങ്ങൾ..

മന്ത്രവാദിനി

നീ മഴവില്ലെന്ന് പറഞ്ഞു...
മഴയിൽ തന്നെ ഞാൻ അലിഞ്ഞു പോയി
വസന്തം, നീ പറഞ്ഞു
ഞാൻ പൂമൊട്ടിൽ മുഴുകിപ്പോയി..
ചന്ദ്രൻ, നക്ഷത്രങ്ങൾ..
ഞാൻ ആകാശം വരെ എത്തി നിന്നു..

മഴ, പ്രണയം, വിരഹം, നിലാവ്‌
സുഗന്ധം, കവിത, ചുംബനം,
ചിറകുകൾ, നരകം, തണുപ്പ്‌
കാറ്റ്‌, കടൽ, കാത്തിരിപ്പ്‌
മൗനം, നിഴൽ, സമയം
ആകാശത്ത്‌ നിന്നു വന്ന കണ്ണുകൾ
എണ്ണമില്ലാത്ത മായാ വസ്തുക്കൾ..
ഞാൻ നിന്നിലെത്തി...

Saturday, 5 December 2015

വിട

വിട എന്നത്‌ നമുക്കിടയിൽ ഒരു വാക്കായിരുന്നില്ല
റെയിൽവെ സ്റ്റേഷനിൽ വീണ രണ്ട്‌ തുള്ളി കണ്ണീരായിരുന്നു..
മഴ നമുക്ക്‌ ഒരു കുടയ്ക്കുള്ളിലെ സ്ഥലമായിരുന്നു
പ്രണയം എന്നത്‌ നമുക്ക്‌ ഉച്ചരിക്കപ്പെടാത്ത വാക്കായിരുന്നു,
പനിനീർപ്പൂവിന്റെ ഇതളുകൾ, കോർത്ത വിരലുകൾ, ചുംബനം നനച്ച ചുണ്ടുകൾ..
ഉറക്കം ഒരു താഴ്‌വരയും, സ്വപ്നം അവിടത്തെ കായാംപൂവുകളുമായിരുന്നു..
വിട വീണ്ടും ഓർമ്മകളുടെ ചില്ലുകൾ കൊണ്ട്‌ കീറിയ മുറിവിൽ നിന്നൊഴുകിയ
രണ്ട്‌ തുള്ളി രക്തവും..

Thursday, 3 December 2015

രാത്രിയിൽ എന്നും ഞാനീ വഴി
നടക്കുമായിരുന്നു,
നാളെ.നിന്നെ കാണിക്കുവാൻ മരച്ചില്ലകൾ
മഞ്ഞു തൂക്കിയിട്ടിരിക്കുന്നുവോ
എന്ന് നോക്കുവാൻ..
കുന്നിറങ്ങി താഴ്‌വരയിലെത്തുമ്പോൾ
ഇന്നലത്തെ നിമിഷങ്ങൾ ( നിന്നോടൊപ്പമുള്ളവ) അവിടെ ചിതറി
കിടക്കുന്നുവോ എന്ന് നോക്കുമായിരുന്നു..
സൂര്യനില്ലാത്ത ആകാശത്തോട്‌ താദാത്മ്യം
പ്രഖ്യാപിച്ച്‌ സ്വയം തണുത്ത്‌ നിൽക്കുമായിരുന്നു..
ഇരവിലില്ലാതെ നീ വരുമ്പോൾ മാത്രം
എങ്ങ്‌ നിന്നോ പറന്നെത്തുന്ന
ശലഭങ്ങളെ ഓർത്ത്‌ അത്ഭുതം കൂറുമായിരുന്നു..
മഴയില്ലാതെയും മഴയിലും താഴ്‌വര എത്ര വ്യത്യസ്തമാകുന്നുവെന്നോർത്ത്‌ നിന്റെ മഴ, വെയിൽ ഭാവങ്ങളെ മനസ്സിൽ കാണുമായിരുന്നു..
ഇന്നത്തെ രാത്രി ഇന്നലത്തേതിന്റെ നിഴലാണ്‌
നാളത്തേത്‌ ഇന്നത്തേതിന്റെ രൂപവും...

Friday, 20 November 2015

ചുവപ്പ്‌

വാകപ്പൂ ചുവപ്പിച്ച ഹൃദയവുമായ്‌
നാമൊരു സന്ധ്യക്ക്‌ നിറം
പകരാനിരുന്നതോർക്കുക..

Thursday, 19 November 2015

മരണം വരെ ഞാൻ പാടിക്കൊണ്ടേയിരിക്കും
നീ പാട്ടിന്റെ ശാപം എറിഞ്ഞ്‌
പോയതിനാൽ..

കടലെത്തിയപ്പോൾ..

നീ തെക്കു നിന്നൊരു കാറ്റായി വന്നു
ഞാൻ വടക്ക്‌ നിന്നൊരു പാട്ടായി വന്നു
നമ്മൾ നദികളെപ്പോലെയും,സമയത്തെ
പോലെയും കിഴക്ക്‌ നിന്ന് പടിഞ്ഞാറോട്ടൊഴുകി..
നീ കടലിനു മീതേ പറന്നു..
ഞാൻ കടലിൽ തിരയിലും
ശബ്ദത്തിലും മുങ്ങിപ്പോയി...

Saturday, 17 October 2015

അവർ പറഞ്ഞതിനാൽ

മഞ്ചാടി മരങ്ങളാണ്‌ ചുവപ്പെന്ന് പറഞ്ഞത്‌
മഴ പറഞ്ഞു മഴവില്ല്..
പന്തലിട്ട നീലക്കോളാമ്പികൾ പറഞ്ഞു
ആകാശം, കാറ്റു പറഞ്ഞു കണിക്കൊന്ന
കണിക്കൊന്ന പറഞ്ഞു സ്വപ്നം
സ്വപ്നം പറഞ്ഞു ചുംബനം

അവർ പറഞ്ഞതിനാൽ...
നമ്മൾ സ്വപ്നം കാണുന്നു..

ചുംബനം

കാറ്റിനോടാണ് പറയേണ്ടത്
കാവൽ നിൽക്കാനല്ല
കണ്ണടയ്ക്കാൻ...

ദൂരം

സന്ധ്യ നമ്മോട് പറഞ്ഞു, ഇരവിന്റെ
നക്ഷത്രദൂരങ്ങളാണസഹ്യം.... 

Saturday, 19 September 2015

ദൂരെ മഞ്ഞുമലകളും, മരുഭൂമിയും
കടന്നെത്തുന്ന കാറ്റിനു പാടാൻ
മണ്ണായും, പൊടിയായും പോയവരുടെ
പടപ്പാട്ടുകളും, അവർ കണ്ണുകളാൽ
ഹൃദയത്തിലേക്ക്‌ പകർന്ന, വീഞ്ഞിന്റെ
ചുകപ്പാർന്ന പ്രണയ ഗാനങ്ങളും..
എനിക്കെഴുതാൻ ആദിപുരുഷൻ
ആദിമസ്ത്രീയുടെ കണ്ണിൽ
വായിച്ച കവിതയും..

നെഞ്ചിനുള്ളിലിരുന്നു നീറുന്നു
ഇന്നലെക്കുടിച്ച കള്ളിന്റെ വരികൾ..

Friday, 18 September 2015

എങ്കിലും..

ഈ കുന്നിറങ്ങുമ്പോഴും, ചന്ദ്രൻ
നമ്മിൽ നിന്നകന്നു പോയില്ല
നിലാവു നമ്മെ നനയ്ക്കാതിരുന്നില്ല
നിനക്കായ്‌ കാത്തിരുന്ന ചെമ്പകം
സുഗന്ധം പൊഴിക്കാതിരുന്നില്ല..
ഈ രാവു തീരുമ്പോഴും, നമ്മിൽ
നിന്ന് നമ്മൾ വറ്റിപ്പോയില്ല
ഹൃദയങ്ങളുടെ ചഷകങ്ങൾ
തുളുമ്പാതിരുന്നില്ല...
ശലഭങ്ങൾ ചിറകടിച്ചെങ്കിലും...
നമ്മുടെ നിമിഷങ്ങൾ കാലത്തോടൊത്ത്‌
ഒഴുകിപ്പോയില്ല.....

Saturday, 12 September 2015

നീയെണ്ണാത്ത ഒരു തിരയായും
തിളക്കമില്ലാത്ത ഒരൊറ്റനക്ഷത്ര-
മായും ഞാനീ കടലിലും
കാറ്റിലുമുണ്ട്‌....

Wednesday, 9 September 2015

ഒന്നും നീ ആഗ്രഹിച്ചതായിരുന്നില്ല
ഞാൻ അടിച്ചേൽപ്പിച്ചതായിരുന്നു..
ആകാശത്തിലെ നക്ഷത്രങ്ങളും
തൊടിയിൽ പാറി നടന്ന ശലഭങ്ങളും
ആരുമറിയാതെ നീ സൂക്ഷിച്ചു വെച്ച
ചെമ്പകപ്പൂവിന്റെ ഇതളുകളും..
ഒന്നും നീ ആഗ്രഹിച്ചതായിരുന്നില്ല..
ഞാൻ അടിച്ചേൽപ്പിച്ചതായിരുന്നു,
എന്നെയും, എന്നെ സ്നേഹിച്ച നിന്നെയും..
ഒന്നും നീ ആഗ്രഹിച്ചതായിരുന്നില്ല,
ഈ മറവിയും, നിന്നെ മറക്കാത്ത എന്നെയും
എല്ലാം അടിച്ചേൽപ്പിച്ചതായിരുന്നു...

Tuesday, 1 September 2015

മഴ മരങ്ങളിൽ മഞ്ഞു വീഴുന്ന രാവിൽ
എനിക്കേറ്റവും പ്രിയപ്പെട്ട നിന്റെ
കണ്ണിന്റെ ആഴങ്ങളിൽ
ചെമ്പകപ്പൂക്കൾ പൊഴിഞ്ഞു വീഴുന്ന
പോൽ തിരിഞ്ഞിറങ്ങണം...

Monday, 31 August 2015

വീണു ചിതറുക മാത്രമേ
വഴിയുണ്ടായിരുന്നുള്ളൂ
വെള്ളച്ചാട്ടത്തിന്‌,
വിരിഞ്ഞിറങ്ങുക
മഴവില്ലിനും..

Monday, 24 August 2015

ചിതറി വീണ പൂക്കൾ
ഇന്നലത്തെ സന്ധ്യയെ
ഓർമ്മിപ്പിച്ചു...
നിഴൽ മാത്രം കാത്തിരിക്കുന്നു
നമ്മെയീ സിമന്റ്‌ ബെഞ്ചിൽ..

Friday, 31 July 2015

കാറ്റിനോട് പറയാനുള്ളത്

നിന്നിൽ ഞാനെഴുതിയ കനലക്ഷരങ്ങൾ
സ്വർണ്ണ ചെമ്പകങ്ങളായി സുഗന്ധം
പൊഴിക്കുന്നു....
മറവിയിൽ നിന്ന് പൂത്തിറങ്ങിയ
മഴവില്ലുകൾ, പുതിയ മാനം തീർക്കുന്നു..
കാറ്റിനോട് പറയാനുള്ളത്...
നീ വിണ്ണിലും മണ്ണിലുമല്ലാതെയീ-
ചെമ്പകമരത്തിന്റെ ചില്ലയിൽ തങ്ങുക
ചുംബനങ്ങൾക്ക് കാതോർത്ത്
ചില്ലകൾ കുലുക്കുക..

Wednesday, 29 July 2015

ഓർക്കുക..മറന്നു പോയൊരു ഗസലിന്റെ വരി
തേടി നാമീ താഴ്വര മുഴുവൻ അലഞ്ഞത്..
നീലക്കടമ്പുകൾക്കും, നാരക ശലഭങ്ങൾക്കുമിടയിലാ
പാട്ടു മുഴുവൻ മറന്നിട്ടു പോയത്..

 

Wednesday, 15 July 2015

എങ്കിലും ഞാനൊറ്റയാകുന്നില്ല..

ആകാശത്തിൽ ദൂരങ്ങളുടെ അതിരടയാള
മിട്ടീ നക്ഷത്രങ്ങളുണ്ടെങ്കിലും
ഇരുളിനെ നനയ്ക്കാൻ മടിച്ചീ
വെളിച്ചം ഉറഞ്ഞു നിൽക്കുന്നെങ്കിലും
പ്രകൃതിയുടെ മൗനത്തിൽ നിന്നെന്നെ
ചീവീടൊച്ചകൾ മുറിച്ചു മാറ്റുന്നുവെങ്കിലും
എങ്കിലും.... ഞാനൊറ്റയാകുന്നില്ല..
എങ്കിലും ഞാനൊറ്റയാകുന്നില്ല..
വീണു പോകാതിരിക്കാനായെന്റെ കാലിൽ
തൂങ്ങി ഭൂമി നിൽക്കുമ്പോൾ,
പറന്നു പോകാതിരിക്കാനെന്റെ
തോളിൽ പിടിച്ചീ കാറ്റു
നിൽക്കുമ്പോൾ
അകലെയാകാതിരിക്കാൻ എന്റെ
ഹൃദയത്തിലിരുന്നു നീ മിടിക്കുമ്പോൾ
ഞാനൊറ്റയാകുന്നതെങ്ങനെ....??

Wednesday, 8 July 2015

രാവിൽ നിന്നെയോർത്തപ്പോൾ
ആകാശത്തൊരായിരം
പുഞ്ചിരി വിരിഞ്ഞു...

Tuesday, 7 July 2015

ഉറക്കം മിഴികളെ ആക്രമിക്കുന്നതിനു മുൻപ്‌ സ്വർഗ്ഗത്തിൽ നിന്നൊരു സ്വപ്നം
എന്റെ കവിളിൽ നനഞ്ഞിറങ്ങണം...
ഉറക്കം എന്റെ മിഴികളിൽ കയറുന്നതിനു മുൻപ്‌
ഒരു മാലാഖയുടെ കാതുകളിൽ
എന്റെ ഹൃദയത്തിന്റെ ഖവ്വാലി മുഴങ്ങണം..

Sunday, 5 July 2015

മാനത്തെ മഴച്ചില്ലകൾ കുലുക്കുവാൻ
ഈ ജൂൺ മാസത്തിൽ കുടയില്ലാത്ത
കുട്ടിയെപ്പോൽ കൂടെ വരുമോ നീ...?

Tuesday, 30 June 2015

എന്റെ ആത്മാവിൽ നിന്റെ വേരുകളുണ്ട്‌..
അതിനാൽ പൂമ്പാറ്റകളും ചെടികളുമെന്ന പോൽ നാം പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു..

Thursday, 18 June 2015

മഴ

മഴ നൂൽപ്പാട്ടുകളായി പെയ്തിറങ്ങുന്നു
എങ്കിലും ഞാൻ കാതോർക്കാതെ
കണ്ണു മിഴിച്ചു നിൽക്കുന്നു..

മഴ തൂവൽ തുള്ളികളായി പൊഴിഞ്ഞു വീഴുന്നു,
എങ്കിലും ഞാൻ ആകാശത്തേക്കാളും മേഘത്തേക്കാളും നഷ്ടപ്പെട്ടവനായ്‌ നിൽക്കുന്നു..

മഴ മഞ്ചാടി മരങ്ങളുടെ മയിൽപ്പീലി-
ച്ചിറകുകൾ നനഞ്ഞൊട്ടിക്കുന്നു,
എങ്കിലും ഞാൻ കടലിനേക്കാൾ നനഞ്ഞവനായി നിൽക്കുന്നു..

മഴ ഒരായിരം ചോദ്യങ്ങളായി മുന്നിൽ
നൃത്തം ചെയ്യുന്നു, ഞാൻ
കണക്കു ക്ലാസ്സിലെ കുട്ടിയെപോൽ
എഴുന്നേറ്റു നിൽക്കുന്നു...

Wednesday, 17 June 2015

നനഞ്ഞ സൂര്യനെ കണ്ടിട്ടുണ്ടോ ?

കുളത്തിൽ!, കടലിൽ!
നിന്റെ മിഴികളിൽ! ??

ആകാശത്തിൽ...
സന്ധ്യയിൽ...
നനഞ്ഞു ചായമിളകിയ സൂര്യൻ...

Tuesday, 9 June 2015

മിഴികളാൽ മെല്ലെയോതി നീ
മലഞ്ചെരുവിൽ പോകാം,
മാമര ച്ചോട്ടിൽ മഴവില്ലിനു
കൂട്ടു വരും, മഴച്ചില്ലിനു കാത്തിരിക്കാം..

കാറ്റു വന്നു മെല്ലെ കവിളിൽ
വരയ്ക്കും നുണക്കുഴി കവിതയിൽ
ഞാൻ ആണ്ടു പോകവേ, നിൻ
കിനാവു പൂത്ത കണ്ണുകൾ
എൻ ഹൃദയത്തിൽ വസന്തത്തിൻ
തേനിരമ്പം നിറയ്ക്കുന്നു..

വീട്ടിലേക്ക്‌ വഴിമറന്ന് വിട ചൊല്ലാൻ
മടിച്ചീ സന്ധ്യ നിൽക്കവെ
നിന്റെ കണ്ണിൽ തോരുവാൻ വെമ്പിയൊരു
സാന്ധ്യ മേഘം വിതുമ്പുന്നു..

പാട്ടുകൾ മറന്ന കാറ്റിൻ കാതിൽ
കണ്ണീരിനിരമ്പം നിറക്കാതെ പോകുക
എന്റെ നെഞ്ചിൽ ഈ പകൽ
മായാതെ നിൽക്കും, വീണ്ടും
കണ്ടു മുട്ടും വരെ നാം..

കണ്ണിൽ ഇരവിന്റെ കടും വീഞ്ഞ്‌
നിറയുമ്പോൾ, കിനാവിലെ മഴയി-
ലൊരു മുഴുവൻ വസന്തത്തിൻ
വെയിലുമായ്‌ വന്നെന്നെ പുണർന്നാ-
കാശത്തായിരം മഴവില്ലിൻ
കവിതയായ്‌ ചിതറാം..

Monday, 25 May 2015

നീ കൊത്തിപ്പിളർന്ന
പ്രണയത്തിന്റെ തോടിനുള്ളിൽ
നിന്ന് അടക്കി വെച്ച
ചിറകടിയൊച്ചകൾ
കവിതയായ്‌
പിറന്നു...

Thursday, 21 May 2015

ചില പിരിഞ്ഞു പോക്കുകൾ
മനോഹരമാണ്‌,
പ്രകാശത്തിൽ നിന്ന്
മഴവില്ലിലേക്കെന്ന പോലെ..

Tuesday, 19 May 2015

ഹൃദയം പാടുന്ന രാത്രിയിൽ
ഒരു സ്വപ്നത്തിന്റെ ചിറകേറി
വന്നു പുഞ്ചിരി തൂകുന്ന,
നിന്റെ കവിളിൽ ചൂണ്ടു വിരലിനാൽ
ഒരു നുണക്കുഴി വരച്ചു
ചേർക്കാൻ മോഹം...

Saturday, 16 May 2015

മഴ പെയ്യുന്നുവെന്നു ഞാൻ പറഞ്ഞപ്പോൾ
നമുക്കായ്‌ ആകാശം ചില്ലുപൂക്കൾ
പൊഴിക്കുന്നുവെന്നു നീ പറഞ്ഞ
താഴ്‌വരയിലിന്നും,ചില്ലു പൂക്കൾ
പെയ്യുന്നു.. നനയുവാൻ-
നാമില്ലാതെ.....

Friday, 15 May 2015

വഴി തെറ്റി വന്ന വയൽക്കിളിയുടെ
ചുണ്ടിൽ പോലും ഞാൻ
നിന്നിൽ നിന്നൊരു പാട്ടിന്റെ
കതിർക്കുല തിരഞ്ഞു...

Thursday, 14 May 2015

തവളകൾക്കു പോലും വേണ്ടാത്ത
ഈ പകൽ മഴ നനയുവതെങ്ങനെ ഞാൻ?
നീയില്ലാതെ....

Tuesday, 12 May 2015

മെയ്‌ മാസ ഞരമ്പു മുറിച്ചൊഴുകിയ
മഴയിലൊലിച്ചു പോയ സ്വപ്നങ്ങളാണ്‌
കടൽ പാലത്തിനു മുന്നിൽ കണ്ട
മരണത്തേക്കാൾ ഭയാനകം..
കരളു കൊത്താൻ വന്ന കഴുകന്മാർക്ക്‌
ബലിയൂട്ടുവാൻ, നീ തന്ന അഗ്നിയിൽ
പാതി വെന്ത ഹൃദയം സമർപ്പിക്കുന്നു..

Monday, 11 May 2015

ഗുൽമോഹർ പൂത്തു നിൽക്കുന്നു
എന്റെ മനസ്സു പോലെ ചുവന്നു നിൽക്കുന്നു
എത്ര പെയ്തിട്ടും, ചുവപ്പ്‌
തോരാതെ....

Wednesday, 6 May 2015

നിന്നോളം പ്രണയിച്ചിരുന്നു ഞാൻ
നിന്നെയേൽപ്പിച്ച ചെമ്പകപ്പൂക്കളെ
വിണ്ണിന്റെ മാറിൽ നിന്നു മണ്ണു
തൊടാതെ ഞാൻ നിനക്കായ്‌ ചീന്തി- യെടുത്ത സാന്ധ്യമേഘച്ചുവപ്പിനെ..

കാത്തു വെച്ചത്‌ നൽകാൻ നിൽക്കാതെ
കാറ്റെങ്ങോ പോയി..
കര കാത്തു കെട്ടിക്കിടക്കുന്നു,
ഇനിയും മഴക്കാലത്തിനായ്‌..

Monday, 4 May 2015

ഒരു കള്ളിമുൾച്ചെടിയാണു
ഞാനെന്നു പറഞ്ഞിട്ടും
നീയെന്നെ പുണർന്നപ്പോൾ
ചോര പൊടിഞ്ഞത്‌
എന്റെ തന്നെ ഹൃദയത്തിലായിരുന്നു...

Sunday, 3 May 2015

പക്ഷിശാസ്ത്രം..

ഭൂകമ്പവും, വരാനിരിക്കുന്ന
നാളുകളിലെ വറുതിയും
കർഷകൻ തൂങ്ങിമരിച്ച ചില്ലയ്ക്കു
മുകളിലിരുന്നൊരു കിളി
ട്വീറ്റ്‌ ചെയ്തു...

Friday, 1 May 2015

എന്റെ നെഞ്ചിലെ കവിതയുടെ
കമ്പക്കെട്ടിനു തീ കൊളുത്തി
നീ പോയി...

മഴയിലാണ്‌ ഈയാം പാറ്റകളെപ്പോൽ
എന്റെ സ്വപ്നങ്ങൾക്ക്‌ ചിറക്‌ മുളച്ചത്‌..
അവ നിന്നിലേക്ക്‌ പറന്നണയുന്നു...

Wednesday, 29 April 2015

ഒരു ചിത്രത്തിലും പകർത്താനാവില്ല
എനിക്ക്‌..
നിന്റെ കണ്ണുകളിലെ അനന്തത..
നിന്റെ വിരലുകൾ തേടുന്ന
അദൃശ്യ ശലഭങ്ങൾ..
നിനക്ക്‌ ചുറ്റും പെയ്യുന്ന
തൂവലുകൾ..
നിന്നെ നോക്കുന്ന എന്റെ
ആത്മാവിലെ ശൂന്യത...

Friday, 24 April 2015

ദൂരെ ഒരു രാക്കിളി പാടുന്നു..
ഇളം കാറ്റിൽ ഇലകൾ ശലഭങ്ങളായി
പുനർജ്ജന്മം തേടുന്നു..
കൂട്ടിനു നിഴലും, നിലാവും
കുളിർക്കാറ്റും...
പിന്തുടർന്നു വേട്ടയാടാൻ
നിന്റെ കണ്ണുകളും...

Sunday, 19 April 2015

മുൻകാല പ്രണയിനിക്ക്‌..

പ്രണയം എന്തെന്നു
പഠിപ്പിച്ചത്‌ നീയായിരുന്നു..
പ്രണയം എന്തല്ല
എന്ന് പഠിപ്പിച്ചതും..

Saturday, 18 April 2015

മേഘത്തിൽ നിന്ന് മലയിലേക്ക്‌
എയ്ത ഏഴമ്പുകൾ
സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലേക്ക്‌
ഒരു ചെരിവിന്റെ ആഴം..

Friday, 17 April 2015

ഇന്നലെ രാവിൽ നിന്നിരുളളന്നു വെച്ച
മരപ്പൊത്തിൽ ഒരു കിളി
മൗനത്തിന്റെ മുട്ടയിടുന്നു,
ഇനിയത്‌ വിരിഞ്ഞ്‌ പാട്ടാകും..
കാറ്റിനും കാലത്തിനും ഇടയിലേക്ക്‌
കടലിന്റെ നിശ്വാസം ഒരു കാർമ്മേഘത്തിലൊളിക്കുന്നു,
ഇനിയത്‌ പെയ്ത്‌ നീർത്തുള്ളികളാകും..
ഇന്നിനും നാളേക്കും, നിനക്കുമെനിക്കുമിടയിൽ നമ്മൾ
മറന്നു വെച്ച മൗനം ഇനിയെന്താകും ?

Thursday, 16 April 2015

മേഘം നിറഞ്ഞ ആകാശവും
മൗനം നിറഞ്ഞ മരങ്ങളും,
ഈ ഇരുളിൽഎന്നെപ്പോലെ
നിന്റെ കാലടി ശബ്ദങ്ങൾക്ക്‌ കാതോർത്തിരിക്കുകയാണോ ?

Saturday, 28 March 2015

വയൽക്കിളികളുടെ പാട്ടിനും
പൂമരങ്ങളുടെ തണലിനുമിടയിൽ
ഒരു മേഘത്തിന്റെ തണുത്ത നിഴലിൽ
ഒരു പൂവുമായ്‌ കാത്തു നിൽക്കാം
നീ വരുവോളം...

Wednesday, 25 March 2015

നനുത്ത മഴത്തുള്ളികൾക്ക്‌
ഭൂമിയെ ഇഷ്ടം,ബാഷ്പത്തിന്‌
ആകാശത്തെ ഇഷ്ടം
എനിക്ക്‌, ഭൂമിയെയും
ആകാശത്തെയും
നിന്നെയും ഇഷ്ടം...

Tuesday, 24 March 2015

ഈ ജന്മത്തിൽ തിരിച്ചറിയുവാൻ
അന്നു നിന്റെ കവിളിൽ ഞാനൊരു
മറുകിന്റെ അടയാളമിട്ടു..

Monday, 23 March 2015

നിന്റെ കണ്ണിലെ ആഴങ്ങളിൽ
വെള്ളാരം കല്ലുകളിൽ
ഏതോ ചക്രവാളങ്ങൾ പ്രതിഫലിച്ചു..
വിടരാൻ വെമ്പുന്ന സൂര്യൻ,
പൊഴിയാൻ മടിക്കുന്ന നക്ഷത്രം,
മാദകമായ ഇരുൾ,
കാത്തിരിക്കാൻ തയ്യാറില്ലാത്ത
പകലിനും, മറവിയിൽ
പോകാൻ തയ്യാറില്ലാത്ത
ഇരുളിനുമിടയിലുള്ള ഇടം
സ്വർഗ്ഗത്തിനും നരകത്തിനു-
മിടയിലുള്ള ഇടം..
നിലച്ചു പോയൊരു
ഘടികാരമായ്‌ എനിക്ക്‌
നിന്റെ കണ്ണിൽ വസിക്കണം...

Sunday, 22 March 2015

വരണ്ട പുല്ലിനെപ്പോലെ
ഞാനസ്വസ്ഥനാണ്‌,
ഉണങ്ങിയ അപ്പൂപ്പൻ-
താടിയെപ്പോലെയും..
എന്തെന്നാൽ ഞാൻ
കാത്തിരിക്കുന്നവളുടെ കണ്ണിലാണ്‌
എന്റെ കാട്ടുതീയും, കാറ്റും..

Saturday, 21 March 2015

നീ ഒരു ഗസലിന്റെ വരിയാണ്‌
പാടി, പാടി ഹൃദയത്തിൽ
അലിഞ്ഞു ചേർന്ന
മനോഹരമായ ഒരു വരി...

Friday, 20 March 2015

എനിക്കറിയാം, ഒരിക്കലെങ്കിലും-
പെയ്യാതിരിക്കാനാവില്ല
നിന്റെ ഹൃദയത്തിന്‌...
ആ മഴയിൽ ഞാൻ
കുടയില്ലാതെ നനയും....

Tuesday, 17 March 2015

ഇരുളിന്റെ നനുത്ത വഴികളിൽ
എന്റെ വിരലിൽ പിടിച്ചു
നിശബ്ദമായി നടക്കൂ...
നമുക്ക്‌ മാനത്തിന്റെ
പാട്ടു കേൾക്കാം,
മനസ്സുകളിൽ മൗനം
നിറക്കാം..

ഇനിയെന്ത്‌ എന്നറിയാത്ത
നാളെകളിൽ ആ മൗനം കൊണ്ട്‌
ചോദ്യത്തിന്റെ പടവാളുയർത്താം,
ഉത്തരത്തിന്റെ പരിചയും..

Sunday, 15 March 2015

ഇരുൾ വാർന്ന നിൻ ചുരുൾ മുടിയിൽ,
നിലാവിന്റെ പുഞ്ചിരി കടമെടുത്ത്‌-
ചിരിക്കുന്ന നിശാപുഷ്പം ചൂടിച്ച്‌,
മനം മയക്കുന്ന സൗരഭത്തിൽ
സ്വയം മറന്നു, നിന്റെ കണ്ണിലെ
കിനാവിന്റെ തോട്ടത്തിൽ-
ശലഭമാകണമെനിക്ക്‌..
ചില്ലു ചിറകിലൂടെ പ്രകാശത്തെ
മഴവില്ലാക്കി വിരിയിക്കുന്ന ശലഭം..

ഏറ്റവും വേദനിപ്പിക്കുന്ന
മുറിവായിരുന്നിട്ടു കൂടി
എന്റെ രക്തം, നിന്നെ
പൊതിഞ്ഞു സംരക്ഷിച്ചു...

Friday, 6 March 2015

രാത്രിയാണു വേണ്ടത്‌
ഇരുളാണു വേണ്ടത്‌
നിന്റെ മിഴികളിലെ
നക്ഷത്രങ്ങളെ കാണുവാൻ..

എങ്കിലും പകലിലും
തെളിമയോടെ കാണുന്നു
ഞാൻ ആ നക്ഷത്രങ്ങൾ...

Tuesday, 3 March 2015

പ്രണയം..

നീലക്കടമ്പുകൾ പൂത്തു നിന്ന
വഴിത്താരയിൽ, നിൻ
നാദത്തിൽ അലിഞ്ഞ
സംഗീതത്തോട്‌ ചേർന്ന്
പ്രണയം ഉയിരെടുത്തു...

പച്ചപുൽനാമ്പിൽ പൂവായ്‌-
പാറിയ കുഞ്ഞു ശ്വേത ശലഭം
വലിച്ചെറിഞ്ഞ ചിറകടിയൊച്ചകൾക്കൊപ്പം
അത്‌ കാലത്തിലേക്ക്‌ കടന്നു..

ഏകാന്തത ശ്വസിച്ച്‌, പൊടി-
പിടിച്ച പുസ്തകങ്ങളും
ആകാശത്തിനു പൂക്കളൊരുക്കി
പന്തലിട്ട നീലക്കോളാമ്പികളും
മഴയും, മഴവില്ലും, ഇരുളു പോലെ
തണുത്ത വിരലുകളും
അതിനെ ഹൃദയത്തിലെഴുതി....

ഒടുവിൽ ഒരു നാൾ, ചെമ്പകത്തിന്റെ
ചില്ലയിൽ പൂത്ത സുഗന്ധത്തിനും,
സ്വപ്നങ്ങൾക്കും, വാഗ്ദാനങ്ങൾക്കും,
കണ്ണുനീരിനുമൊപ്പം അത്‌
ഹൃദയത്തിൽ നിന്നു മറവിയുടെ
അഗ്നിയിൽ ചാമ്പലായ്‌...

Saturday, 28 February 2015

നിന്റെ കണ്ണിലിരുന്നൊരു കാറ്റ്‌ എന്റെ
കടലാസു തോണിയെ മുക്കിക്കളഞ്ഞു..

Thursday, 19 February 2015

പൂവും, തേനിന്റെ
നിറമുള്ള നീയും..
ഞാനും, നിന്റെ
ഞാവൽപ്പഴക്കണ്ണുകളും..
ഞായറിനെന്തു മധുരം..

Wednesday, 18 February 2015

നിന്റെ കവിളിലൊരു
മറുകിന്റെ നക്ഷത്രം..
എന്റെ കരളിൽ ഒരു
മുഴുവൻ ആകാശം....

Thursday, 12 February 2015

ഇടി വെട്ടി, ഇരുൾ മൂടി
പെയ്യുന്ന മഴയിൽ
നിന്റെ കുടയിൽ നടക്കുവാൻ
കൊതിച്ചവൻ ഞാൻ..
നിന്റെ കവിളിൽ മഴച്ചില്ലു
തീർത്ത തുള്ളിയുടച്ച്‌
കൈരേഖ പകരം
വെയ്ക്കാൻ കൊതിച്ചവൻ..
അറിയാതേതോ കാറ്റിന്റെ
പാട്ടിനു ശ്രുതി മീട്ടുന്ന നിൻ
വിരൽത്തുമ്പിൽ എന്റെ
വിരലിനാൽ ഒരു പൂക്കാലം-
തേടാൻ കൊതിച്ചവൻ ഞാൻ..
സ്വയമൊരു മുറിവായി, ഊർന്നു
വീഴുന്നൊരു തുള്ളി രക്തമായി
നിന്റെ ഓർമ്മയുടെ തിരു-
നെറ്റിയിൽ സിന്ദൂരമാകാൻ
ജീവിപ്പവൻ ഞാൻ...

Wednesday, 11 February 2015

ഒരുമിച്ച്‌ ആകാശ ചെരുവിൽ ഒരു
സാന്ധ്യ നക്ഷത്രം നൊക്കിക്കാണാം
മേഘച്ചുവപ്പിനു മീതെ രാത്രി കറുപ്പിന്റെ
കവിത കുറിക്കുന്നത്‌ കാണാം
കാറ്റായും കടലായും പ്രകൃതി, കാതിൽ നിന്റെ പേരു മന്ത്രിക്കുമ്പോൾ
ഒരു നിമിഷം കുറുനിര വീണ നിന്റെ
നെറ്റിത്തടത്തിലേക്ക്‌ നോക്കിനിൽക്കാം..
മനസ്സിലടിക്കും കൊടുങ്കാറ്റിനെ ഒരു
നിശ്വാസത്തിനുള്ളിലാക്കി കടലാസിൽ
കവിതയായി കുറിക്കാം...

Monday, 9 February 2015

കവിളത്തു വിരലിനാൽ, സന്ധ്യകൾ
ചാലിച്ചു ചേർക്കാം ഞാൻ,
നിന്റെ മിഴികളാൽ കരളിൽ
കുളിരമ്പു കൊള്ളിക്കുമെങ്കിൽ...

Sunday, 8 February 2015

കാറ്റിന്റെ കവിത കട്ടെടുത്തു വെച്ച
മഴയുടെ പവിഴം സൂക്ഷിച്ചു വെച്ച
എന്റെ ഹൃദയം കവർന്നത്‌ നീയല്ലേ?

എന്നിട്ടിപ്പൊ ഞാനോ കള്ളൻ..??

ഒരുമിച്ച്‌ ഒരു മലമുകളിൽ
മഴവില്ലിന്റെ കീഴിൽ ഒരു
കവിതയ്ക്ക്‌ കാത്തിരിക്കാം....

Wednesday, 4 February 2015

നിന്റെ സ്വർഗ്ഗത്തിലേക്ക്‌ പറന്നുയരാൻ
നീയെന്നിലേക്കെറിഞ്ഞു തന്ന
തൂവലായിരുന്നു നിൻ പുഞ്ചിരി...

Sunday, 1 February 2015

നിന്റെ ചുംബനങ്ങളുടെ ഓർമ്മയ്ക്ക്‌
ഞാൻ എന്റെ ചുണ്ടുകൾ കാലത്തിലേക്ക്‌
കരുതി വെക്കും,
നിനക്ക്‌ നൽകിയ പൂക്കളുടെ ഓർമ്മയ്ക്ക്‌
ഹൃദയത്തിൽ പൂവില്ലാത്തൊരു
പനിനീർച്ചെടി കരുതി വെക്കും..

Saturday, 17 January 2015

മെസ്സിക്ക്‌..

തുറന്ന ഹൃദയത്തിലേക്ക്‌
കാവൽ മാലാഖയെ മറി കടന്ന്
ഒരു പന്തിന്റെ ചുംബനം..

മെസ്സിക്ക്‌..

നീ നഷ്ട കാമുകനായിരുന്നു..
നീ പ്രണയിച്ച പന്തെപ്പോഴും, നിന്നേക്കാൾ
ഗോളിനെ പ്രണയിച്ചതിനാൽ...

മെസ്സിക്ക്‌...

നിന്റെ കാലുകളിൽ നിന്ന്
മഴവില്ലുകളുതിർന്നു,
ഒരേ സമയം മിന്നലുകളും..
നീ മഴയുടെ ദേവനായിരുന്നു,
ഒരേ സമയം നീ കാർമ്മേഘക്കൂട്ടങ്ങളെ
കീറി മുറിച്ചു വരുന്ന
സൂര്യദേവനുമായിരുന്നു,
നിന്റെ പതാകയിൽ തുന്നിയ
സൂര്യദേവൻ.....

മെസ്സിക്ക്‌...

തേൻ കടന്നൽക്കൂട്ടിലേക്ക്‌
നീയൊരു മഴത്തുള്ളി
പോലെ കടന്നു കയറി..
വലക്കണ്ണികളുടെ നിതാന്ത ദാഹം
തീർക്കാൻ....

മഷെരാനോക്ക്‌..

ഇന്നു നീ നിന്റെ വിധിയെ
ടാക്കിൾ ചെയ്തു...

( റോബ്ബന്റെ ഗോൾ ശ്രമം തടഞ്ഞതിനെക്കുറിച്ച്‌.. )

നീ എന്നിലേക്കൊഴുകാൻ
ഞാൻ കടലിനെപ്പോലെ
എന്റെ ആഴങ്ങൾ തിരഞ്ഞു....

നിനക്കു നേരെ ഞാൻ
വലിച്ചെറിഞ്ഞ
വാക്കുകളെല്ലാം
സെൽഫ്‌ ഗോൾ...

മഴവില്ലിലെ രണ്ടു വർണ്ണ-
രാജികളെപ്പോൽ നാം
ഒരു ചുംബനത്താൽ
അതിരുകളില്ലാതെ ഒന്നായ്‌...

മേഘം ആകാശത്തോട്‌
പറഞ്ഞു തുടങ്ങിയ
കഥയുടെ അവസാനം
കടലാണ്‌ കേട്ടത്‌.....

സ്വർഗ്ഗത്തിൽ നിന്നു
വീഞ്ഞിന്റെ തുള്ളികൾ
മുന്തിരി വള്ളികളിൽ
പെയ്തിറങ്ങും പോൽ,
നിന്റെ മിഴികൾ എന്റെ
ഹൃദയത്തിൽ
പ്രണയത്തിന്റെ ആലിപ്പഴ-
വർഷം തീർക്കുന്നു....

കടലിന്റെ ഇരമ്പം..
കാറ്റിന്റെ ഇരമ്പം..
കയ്യിൽ കൈചേർത്ത്‌
നടക്കുമ്പോൾ, ഒരു
ഹൃദയത്തിന്റെ ഇരമ്പം...